വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്നതുള്‍പ്പെടെ 5000ലധികം പൂച്ചെടികള്‍. പാമ്പും ഇഗ്വാനയും തുടങ്ങി പലതരം ജീവികള്‍. രുചികരമായ ഭക്ഷണം വേറെയും. കോഴഞ്ചേരിയില്‍ ഇതെല്ലാം ഒറ്റക്കുടക്കീഴിലുണ്ട്. കോഴഞ്ചേരി അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മുഖ്യസ്പോണ്‍സറായ പുഷ്പമേളയുടെ കാഴ്ചകളിലേക്ക്.
ഡാലിയയും ബൊഗൈന്‍വില്ലയും തുടങ്ങി നിരവധി അലങ്കാരച്ചെടികള്‍. നാടന്‍ ഇനങ്ങള്‍ പലതുണ്ട്. ഇന്‍ഡോര്‍ പ്ലാന്‍റുകളുടെ വെറൈറ്റി വേറെ. റെക്കോഡിലിടം പിടിച്ച കൂറ്റന്‍ കാച്ചിലും കപ്പയും പ്രദര്‍ശനത്തിനുണ്ട്. ഒരുവര്‍ഷം കൊണ്ട് മുളയ്ക്കുന്ന കുള്ളന്‍ തെങ്ങിന്‍ തൈകള്‍ മുതല്‍ മാവുകളും പ്ലാവുകളും റംബൂട്ടാനും വരെ വാങ്ങാം. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ദൃശ്യവിസ്മയം.
വ്യത്യസ്തയിനം പക്ഷികളും വളര്‍ത്തു മത്സ്യങ്ങളും പുഷ്പമേളയിലുണ്ട്. മക്കാവോയെയും ഇഗ്വാനയേയും പാമ്പിനെയുമൊക്കെ കയ്യിലെടുക്കാം. മുഖ്യസ്പോണ്‍സറായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെയുള്‍പ്പെടെ സ്റ്റാളുകളില്‍ വലിയ തിരക്കാണ്. പാല്‍ കപ്പയും ബീഫ് വരട്ടിയതും ബിരിയാണിയും ചേര്‍ന്ന രുചികരമായ വിഭവങ്ങളുടെ കലവറയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പുഷ്പമേള ഞായറാഴ്ച അവസാനിക്കും.