AI Generator Image
ഒട്ടുമിക്ക എല്ലാവരുടെയും ഇഷ്ടപാനീയമാണ് കാപ്പി. സാധാരണ കാപ്പി മുതല്‍ ലക്ഷങ്ങള്‍ വിലയുളള കാപ്പി വരെ ഇന്ന് ലഭ്യമാണ്. അക്കൂട്ടത്തിലൊന്നാണ് ആഡംബര കാപ്പികളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന കോപ്പി ലുവാക്. മരപ്പട്ടി കഴിക്കുന്ന കാപ്പിക്കുരുവില്‍ നിന്നാണ് ഈ കാപ്പിപ്പൊടി തയാറാക്കുന്നത്. കിലോയ്ക്ക് 100 ഡോളർ മുതൽ 1300 ഡോളർ വരെയാണ് കോപ്പി ലുവാക് എന്ന ആഡംബര കാപ്പിയുടെ വില. എന്നാലിപ്പോഴിതാ മറ്റൊരു കാപ്പിയാണ് ലോകശ്രദ്ധ നേടുന്നത്. വടക്കന്‍ തായ്ലന്ഡില് നിന്ന് കാപ്പി ആരാധാകരെ മാടിവിളിക്കുന്ന ആ ലക്ഷ്വറി കാപ്പിയുടെ പേര് ഐവറി കോഫി എന്നാണ്.
വളരെ സവിശേഷമായ രുചിയാണ് ഐവറി കോഫിയുെട പ്രത്യേകത. കോപ്പി ലുവാക് മരപ്പട്ടിയുടെ കാഷ്ടത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരുവില്‍ നിന്നുമാണ് തയ്യാറാക്കുന്നതെങ്കില്‍ ഐവറി കോഫി തയാറാക്കുന്നത് ആനപ്പിണ്ടത്തില്‍ നിന്നുമാണ്. ഏറ്റവും മികച്ച തായ് അറബിക്ക കാപ്പിക്കുരുവാണ് ഐവറി കോഫിക്കായി തിരഞ്ഞെടുക്കുന്നത്. ഈ കാപ്പിക്കുരുകള്‍ ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കി ആനകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും. ആനയുടെ വയറ്റിലെത്തുന്ന കാപ്പിക്കുരുകള്‍ സവിശേഷമായ അഴുകൽ പ്രക്രിയയ്ക്ക് വിധേയമാകുന്നു. ആനയുടെ വയറ്റിലെ എൻസൈമുകൾ കാപ്പിക്കുരുവിലെ കയ്പ്പിന് കാരണമാകുന്ന എന്‍സൈമുകളെ തകര്‍ക്കുന്നു. തന്മൂലം കാപ്പിക്കൂരു കൂടുതല്‍ രുചികരമായിത്തീരുന്നു. ഏകദേശം 15 മുതല്‍ 30 മണിക്കൂറിന് ശേഷം ആനകൾ ഇവ പിണ്ടത്തിലൂടെ സ്വാഭാവികമായി പുറന്തള്ളുന്നു. ആനപ്പിണ്ടത്തില്‍ നിന്നും ശേഖരിക്കുന്ന ഈ കാപ്പിക്കുരുകള്‍ നന്നായി കഴുകി, വെയിലത്ത് ഉണക്കുന്നു.
ശേഷം ഐവറി കോഫി തയാറാക്കുന്ന ആഢംബര കാപ്പിപ്പൊടിയാക്കി മാറ്റുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി. കിലോയ്ക്ക് 2,000 ഡോളര്‍ അഥവാ ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് വില. വളരെയധികം കഠിനാധ്വാനം വേണം എന്നതുകതന്നെയാണ് ഈ കാപ്പിയെ വിലയേറിയതാക്കുന്നത്. ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇത്രയും ഉയര്‍ന്ന വില ഉണ്ടാവാന്‍ കാരണം. ആനയ്ക്ക് കഴിക്കാന്‍ നല്‍കുന്ന കാപ്പിക്കുരുകളില്‍ കുരുക്കളുടെ ഭൂരിഭാഗവും ആനകൾ ദഹിപ്പിക്കുന്നു. വളരെ കുറച്ച് മാത്രമേ ഉപയോഗ്യയോഗ്യമായി ലഭിക്കുകയുളളൂ. ഒരു കിലോഗ്രാം ബ്ലാക്ക് ഐവറി കാപ്പി ഉത്പാദിപ്പിക്കാൻ ഏകദേശം 33 കിലോഗ്രാം കാപ്പി കുരുക്കള്‍ ആവശ്യമാണ്. ഇക്കാരണങ്ങളെല്ലാമാണ് ഐവറി കോഫിയെ ലക്ഷ്വറി കാപ്പിയാക്കി മാറ്റുന്നത്.