ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി വീണ്ടും ഫിന്‍ലന്‍ഡിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ. പതിവുപോലെ തന്നെ നോര്‍ഡിക്ക് രാജ്യങ്ങളാണ് ഇത്തവണയും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലെത്തിയത്. നേപ്പാള്‍ 92ാം സ്ഥാനവും ചൈന 68ാം സ്ഥാനവും പാകിസ്ഥാന്‍ 109ാം സ്ഥാനവും സ്വന്തമാക്കി.
ചരിത്രത്തിലാദ്യമായി ലാറ്റിന്‍ അമേരിക്കയുടെ കോസ്റ്ററിക്കയും മെക്സിക്കോയും പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ചു. കോസ്റ്ററിക്ക ആറാം സ്ഥാനവും മെക്സിക്കോ പത്താംസ്ഥാനവുമാണ് സ്വന്തമാക്കിയത്. ആദ്യത്തെ അഞ്ചുരാജ്യങ്ങളില്‍ ഫിന്‍ലന്‍ഡിനൊപ്പം ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം യുകെയും യുഎസും മുന്‍വര്‍ഷത്തേക്കാള്‍ പിന്നിലായി. 24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. യുകെ 23ാം സ്ഥാനവും സ്വന്തമാക്കി.
പട്ടിക പ്രകാരം ഏഴാം സ്ഥാനത്ത് നോര്‍വേയും എട്ടാം സ്ഥാനത്ത് ഇസ്രയേലും ഒന്‍പതാം സ്ഥാനത്ത് ലക്‌സംബര്‍ഗുമാണുളളത്. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഹാപ്പിനസിനോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അതേസമയം വീണ്ടും വീണ്ടും പട്ടികയില്‍ ഒന്നാമതെത്താന്‍ ഫിന്‍ലന്‍ഡിനെ സഹായിക്കുന്നത് അവിടുളള ജനങ്ങളുടെ ജീവിതരീതിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ ഉളളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്നിഷ് ജനതയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.