Image Credit / Facebook /Department of Women and Child Development

തിരക്കിട്ട ജോലി, കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ വേറെ, ആഗ്രഹിച്ചതുപോലെയോ പ്ലാന്‍ ചെയ്​തതുപോലെയോ ജീവിതം മുന്നേറുന്നില്ലേ? മാനസികസമ്മര്‍ദത്തിലൂടെയാണോ നിങ്ങളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. ടെന്‍ഷന്‍ ഫ്രീയായി ഓരോ ദിവസവും ആസ്വദിക്കാനായാലോ? അതിനുള്ള ചില വഴികള്‍ ഇതാ.

പ്ലാനിങ്

ഓരോ ദിവസവും പതിവ് ജോലികള്‍ക്കൊപ്പം ഒരു ഫ്ളോയിലങ്ങ് പോയ്‌ക്കോളും എന്ന ചിന്ത ഉപേക്ഷിക്കുക. ഓരോ ദിവസവും പ്ലാന്‍ ചെയ്യുക. ജോലിക്കായും മറ്റ് ശീലങ്ങള്‍ക്കും ഉല്ലാസ സമയത്തിനുമായി സമയം നിശ്ചയിക്കുക. ഒരോ ദിവസവും ക്രിയേറ്റീവായി ഉപയോഗപ്രദമാക്കുക. 

സമയക്രമീകരണം

പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം ഒരുപാട് പാഴാക്കാതിരിക്കുക. കൃത്യമായ സമയക്രമീകരണം ഓരോ ദിവസവും കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കും. ജീവിത വിജയം കൈവരിക്കുന്നതിലും സമയ ക്രമീകരണത്തിന് വലിയ പങ്കുണ്ട്. 

പോസിറ്റീവാകുക

നെഗറ്റീവായ ചിന്തകളെ ഒഴിവാക്കുക. സ്വയം ആത്മവിശ്വാസമുള്ളവരാവുക. എന്നെ കൊണ്ടാവില്ല എന്ന ചിന്ത മാറ്റുക. എപ്പോഴും ഒന്നാമതായിരിക്കുക എന്നത് എളുപ്പവുമല്ല, സാധ്യവുമല്ല. എന്നാല്‍ ജോലിയിലായാലും വീട്ടിലായാലും പഠനത്തിലായാലും ഓരോ പ്രയത്​നവും അവനവന് പറ്റുന്നതില്‍ ഏറ്റവും മികച്ചതാക്കാന്‍ ശ്രമിക്കുക. തോല്‍ക്കുന്നതിലും വലിയ നിരാശയാവും സ്വയം ശ്രമിച്ചില്ലല്ലോ എന്ന കുറ്റബോധത്തിലുണ്ടാവുക. 

ഭക്ഷണം, വ്യായാമം, ഉറക്കം

നാക്കിന് വേണ്ടി മാത്രമല്ല, വയറിന് വേണ്ടി കൂടി കഴിക്കുക. ശരീരത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചുവേണം ഭക്ഷണ ക്രമം ഉണ്ടാക്കാന്‍. ശരീരം ഫിറ്റാവാന്‍ വ്യായാമം മാത്രം പോര, നല്ല ഭക്ഷണ ക്രമവുമുണ്ടാവണം. കൃത്യസമയത്ത് ഉറങ്ങുക. ജീവിതക്രമത്തിലും ആരോഗ്യത്തിലും ഇത് വലിയ മാറ്റമഉണ്ടാക്കും. ഉറക്കക്കുറവ് മാനസിക പിരിമുറുക്കത്തിലേക്ക് വരെ നയിക്കാം. ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങുക. 

പങ്കാളി, കുടുംബം, സുഹൃത്തുക്കള്‍

പങ്കാളിക്കൊപ്പവും കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവിടുക. വിശേഷങ്ങളും പ്രശ്​നങ്ങളും പ്ലാനുകളും പങ്കുവക്കുക. അടുപ്പക്കാരോട് സംസാരിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കും. ഇവര്‍ക്കൊപ്പം ഇടക്ക് യാത്ര പോകുന്നത് മാനസിക ഉല്ലാസം നല്‍കുന്നതിനൊപ്പം ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും സഹായിക്കും. 

ENGLISH SUMMARY:

Tips to lead a tension free life