ambani-wedding

Image Credit: Instagram

രാജ്യം ഉറ്റുനോക്കിയ അത്യാഢംബര വിവാഹമായിരുന്നു അനത് അംബാനിയുടേയും രാധിക മെര്‍ച്ചന്‍റിന്‍റേയും. വിവാഹവസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി, വിവാഹത്തിന് വിളമ്പിയ വിഭവങ്ങള്‍ വരെ വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇടം പിടിച്ചിരുന്നു. ലോകത്തെ സിനിമ–രാഷ്ട്രീയ–വ്യാവസായിക മേഖലയിലെ പ്രമുഖരെല്ലാം അണിനിരന്ന വിവാഹമായിരുന്നു പ്രമുഖ വ്യവയായി മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ അനന്ദ് അംബാനിയുടേത്. ജൂലൈ 12 ന് മുംബൈയിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാലിപ്പോഴിതാ അനന്ദ് രാധിക വിവാഹത്തിന് ക്ഷണക്കത്ത് ലഭിച്ചിട്ടും അത് നിരസിച്ച ഒരു ഇന്‍ഫ്ലുവല്‍സറുടെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അംബാനി കല്യാണത്തിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ 3.6 ലക്ഷം രൂപയുടെ ഓഫര്‍ ലഭിച്ചെന്നും താന്‍ അത് നിരസിച്ചെന്നുമുളള വെളിപ്പെടുത്തലുമായി കാവ്യ കര്‍ണാടക് എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് രംഗത്തെത്തിയിരിക്കുന്നത്. ഓഫര്‍ നിരസിക്കാനുളള കാരണവും ലിങ്കിഡിന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലൂടെ കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് ഞാന്‍ അംബനിയില്‍ നിന്നും 3.6 ലക്ഷത്തിന്‍റെ ഇടപാട് നിരസിച്ചു എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് കാവ്യ തന്‍റെ കുറിപ്പ് തുടങ്ങുന്നത്. അടുത്തിെട അംബാനിക്കല്യാണത്തിന്‍റെ പിആര്‍ വര്‍ക്കിന്‍റെ ഭാഗമായി 3.6 ലക്ഷം രൂപയുടെ ഓഫര്‍ തനിക്ക് ലഭിച്ചിരുന്നെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.

അംബാനി കുടുംബത്തിലെ വിവാഹം എങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് സംസാരിക്കാനായാണ് അവര്‍ തനിക്ക് 3.6 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പ്രൊമോഷന്‍ വീഡിയോകള്‍ക്ക് സാധാരണയായി ലഭിക്കാറുള്ള മൂന്ന് ലക്ഷത്തിലും അധികമായിരുന്നു അവര്‍ നല്‍കാമെന്ന് പറഞ്ഞ പണം. എന്‍റെ മാതാപിതാക്കള്‍ അത് സ്വീകരിക്കാനും വിവാഹത്തില്‍ പങ്കെടുക്കാനും എന്നെ നിര്‍ബന്ധിച്ചിരുന്നു. എന്നിരുന്നാലും ആ ഓഫര്‍ ഞാന്‍ നിരസിക്കുകയാണ് ചെയ്തതെന്നും കാവ്യ തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി. ലക്ഷങ്ങളുടെ ഓഫര്‍ നിരസിക്കാനുളള നാല് കാരണങ്ങളും കാവ്യ തന്‍റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വലിയൊരു സമൂഹം ഒരേ ഉള്ളടക്കവും വാദങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാംെപയിനുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. ജിയോ നിരക്കുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ അംബാനി കുടുംബത്തിലെ വിവാഹം പ്രൊമോട്ട് ചെയ്യുന്നത് ശരിയാണെന്ന് തോന്നിയില്ല. വ്യത്യസ്തമായ വിഷയങ്ങളില്‍ വീഡിയോ ചെയ്യാറുള്ള വ്യക്തിയാണ് താനെന്നും തന്റെ വീഡിയോകളുടെ തനിമ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും കാവ്യ കുറിച്ചു.  കാഴ്ചക്കാരുടെ വിശ്വാസ്യതയ്ക്കാണ് താന്‍ വില കല്‍പിക്കുന്നതെന്നും പണം വാങ്ങിയുളള പ്രമോഷനുകളേക്കാള്‍ ആധികാരികമായ ഉളളടക്കങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കി. ജാതിയുടെയും മതത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ വിവാഹം മുടങ്ങുന്ന ഇന്ത്യയില്‍ ഇത്തരത്തിലുളള ആഢംബര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തന്‍റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും കാവ്യ ചൂണ്ടിക്കാട്ടി. ഒരു സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍ എന്ന നിലയ്ക്ക് അത്തരമൊരു സംഭവം പ്രോത്സാഹിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫാഷൻ അല്ലെങ്കിൽ ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കാണ് ഇത് കൂടുതൽ അനുയോജ്യം. 3.6 ലക്ഷം എന്നത് പ്രലോഭിപ്പിക്കുന്ന വാഗ്ദാനമാണ്. എങ്കിലും എന്റെ ഫോളോവേഴ്സിനോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും കാവ്യ തന്‍റെ കുറിപ്പിലൂടെ അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ 16 ലക്ഷം പേരാണ് കാവ്യയെ ഫോളോ ചെയ്യുന്നത്. പോസ്റ്റ് വൈറലായതോടെ കാവ്യയുടെ  തീരുമാനത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. അതേസമയം നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ആലിയ കശ്യപ്, അംബാനിക്കുടുംബത്തിലെ കല്യാണത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അംബാനിയുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ വെറും സര്‍ക്കസാണെന്നായിരുന്നു ആലിയ കശ്യപിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

Influencer Rejects Rs.3.6 Lakh Offer from Ambani