നമ്മുടെ സ്വന്തം വള്ളംകളി ഇനി വെള്ളത്തില്‍ മാത്രമല്ല, വാച്ചുകളിലുമുണ്ടാകും. വാച്ച് പ്രേമികളുടെ കൂട്ടായ്മ ടൈംഗ്രാഫേഴ്സ് പുറത്തിറക്കുന്ന വാച്ചിലാണ് വള്ളവും കായലുമുള്ളത്. ഓളം എന്ന് പേരിട്ട വാച്ചിന്‍റെ വില്‍പനയും തുടങ്ങിക്കഴിഞ്ഞു.
പച്ചനിറവും വള്ളവും ഒക്കെയുള്ള ഒരു കൊച്ചുകേരളമാണ് ഡയലില്‍ ഉള്ളത്. അക്കങ്ങളുടെ സ്ഥാനത്ത് പഴയ മലയാളം ലിപി. സൂചികളാകട്ടെ, പങ്കായത്തിന്‍റെ മാതൃകയിലും. സൂക്ഷിച്ചുനോക്കിയാല്‍ കായലിലെ ഓളങ്ങള്‍ കാണാം. കറുത്ത ലെതര്‍ സ്ട്രാപ്പിലുമുണ്ട് കേരള ടച്ച്. ഓളം എന്ന് പേരിട്ട ഈ വാച്ച് ആരാധകര്‍ക്കിടയില്‍ ഓളമാകുമെന്നതില്‍ നോ ഡൗട്ട്.
മുന്‍പ് നാഴിക എന്ന പേരില്‍ ലിമിറ്റഡ് എഡിഷന്‍ വാച്ച് പുറത്തിറക്കിയ ആത്മവിശ്വസമാണ് ടൈംഗ്രാഫേഴ്സിനെ ഓളത്തിലേക്കെത്തിച്ചത്. കൂട്ടായ്മയിലെ ഗ്രാഫിക് ഡിസൈനറായ ദിലീപ് ആണ് ഓളത്തിന്‍റെ ശില്‍പി. 2019ല്‍ തുടങ്ങിയ കൂട്ടായ്മയില്‍ ഇപ്പോള്‍ ആയ്യാരത്തിലധികം അംഗങ്ങളുണ്ട്. വിവിധ തരം വാച്ചുകളും അവയുടെ ചരിത്രവും മനഃപാഠമാണ് ഓരോ അംഗങ്ങള്‍ക്കും. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഢംബര വാച്ചുകളടക്കമുണ്ട് ശേഖരത്തില്‍. ഇഷ്ടപ്പെട്ട വാച്ചുകള്‍ പരസ്പരം കൈമാറി ഉപയോഗിക്കുവാനും തടസമില്ല. സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുന്‍പിലാണ് ടൈംഗ്രാഫേഴ്സ്. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും വാച്ചും സമ്മാനമായി നല്‍കിയിരുന്നു. വാച്ച് നിര്‍മാണം വിപുലമാക്കാനുള്ള ചര്‍ച്ചകളിലാണ് കൂട്ടായ്മ.