dubai-couple

കോടീശ്വരനായ ദുബായ്ക്കാരനെ വിവാഹം കഴിച്ച സോദി അല്‍ നദക് എന്ന യുവതി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. തനിക്ക് സ്വതന്ത്രമായി ബിക്കിനിയിട്ട് നടക്കാനായി ഒരു ദ്വീപ് തന്നെ ഭര്‍ത്താവ് വാങ്ങി തന്നുവെന്ന സന്തോഷം പങ്കുവച്ചുകൊണ്ടുള്ള സോദിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് തന്നെ നിയന്ത്രിക്കുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സോദി.

ALSO READ: ഭാര്യയ്ക്ക് സ്വതന്ത്രമായി ബിക്കിനിയിട്ട് നടക്കണം; ദ്വീപ് വിലയ്ക്കു വാങ്ങി ദുബായ്ക്കാരന്‍ ഭര്‍ത്താവ്

നിങ്ങള്‍ക്കെന്നെ ‘സോദിറെല്ല’ എന്നുവിളിക്കാം, കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ രാജകുമാരിയാണ് എന്ന കുറിപ്പിനൊപ്പമാണ് റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ ജോലിക്ക് പോകുന്നതോ ഭക്ഷണമുണ്ടാക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമല്ല. തനിക്ക് ആണ്‍സുഹൃത്തുക്കളുണ്ടായിരിക്കുന്നതും ഭര്‍ത്താവിന് ഇഷ്ടമല്ല എന്നാണ് സോദി പറയുന്നത്. 

സോദി അല്‍ നദക് റീലില്‍ കുറിച്ചിരിക്കുന്നത്;

‘കയ്യില്‍ കരുതുന്ന ബാഗും ചെരിപ്പും മാച്ചിങ് ആയിരിക്കണം. ജോലിക്ക് പോകാന്‍ അനുവാദമില്ല, കാരണം എന്‍റെ എല്ലാ ചെലവും വഹിക്കുന്നത് ഭര്‍ത്താവാണ്. വീട്ടില്‍ ഞാന്‍ ഭക്ഷണം ഉണ്ടാക്കേണ്ട, ഞങ്ങള്‍ എന്നും പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും സലൂണ്‍ സ്റ്റൈലില്‍ മേക്കപ്പും മുടിയും ഭംഗിയായിരിക്കണം. ഇതിനെല്ലാം പുറമേ ആണ്‍സുഹൃത്തുക്കള്‍ പാടില്ല.’

മില്യണ്‍ കണക്കിനാളുകളാണ് സോദിയുടെ റീല്‍ കണ്ടിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘നിങ്ങള്‍ എത്ര ഭാഗ്യവതിയാണ്’ എന്ന് ചിലര്‍ കുറിക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ നിയന്ത്രണത്തിലുള്ള ജീവിതത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. ‘ഭര്‍ത്താവിന് നിങ്ങളെ വിശ്വാസമില്ലാത്തതു കൊണ്ടാണ് ഈ നിയന്ത്രണങ്ങള്‍’, ‘നിങ്ങളെ സന്തോഷവതിയാക്കാന്‍ അദ്ദേഹത്തിന് കഴിയില്ല’, ‘നിങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശമുണ്ട്. ഇങ്ങനെ കൂട്ടിലടച്ച കിളിയെപ്പോലെ ജീവിക്കുന്നത് എന്തിനാണ്’ എന്നിങ്ങനെയുള്ള കമന്‍റുകളാണ് ഏറേയും.

ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് ഇരുപത്തിയാറുകാറിയായ സോദിയുടെ ഭര്‍ത്താവ്. ‘മുഴുവന്‍ സമയ വീട്ടമ്മ’ എന്നാണ് ബ്രിട്ടീഷുകാരി കൂടിയായ സോദി സ്വയം പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവുമൊത്തുള്ള ഒട്ടേറെ വിഡിയോകള്‍ ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

മിക്ക വിഡിയോകളിലും കോടീശ്വരനായ ദുബായ്ക്കാരനെ വിവാഹം കഴിച്ചാല്‍ എന്നുതുടങ്ങുന്ന വാചകവുമുണ്ടാകും. അത്യാഢംബരം നിറഞ്ഞ ഇവരുടെ ജീവിതരീതികളാണ് സോദി വിഡിയോകളില്‍ കാട്ടിത്തരുന്നതും. ഭര്‍ത്താവുമൊത്തുള്ള യാത്രകള്‍, അവധിയാഘോഷം, ഷോപ്പിങ്, ഭക്ഷണം തുടങ്ങി എല്ലാം സോദി പങ്കുവയ്ക്കാറുണ്ട്.

ENGLISH SUMMARY:

A woman from Dubai shared a video on Instagram, outlining the rules set by her millionaire husband. In the clip, she reveals a few of her husband's specific preferences.