ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളെന്ന പേര് മഹേന്ദ്രസിങ് ധോണിക്ക് അവകാശപ്പെട്ടതാണ്. പെര്ഫെക്ഷന് എന്ന് പറയുമ്പോള്‍ തന്നെ ധോണിയെ ആവും നാം മാതൃകയാക്കുന്നത്. എന്നാല്‍ താന്‍ അത്ര പെര്ഫെക്ടൊന്നുമില്ലെന്ന് പറയുകയാണ് ധോണി. ചുറ്റും നടക്കുന്ന എല്ലാത്തിനേയും നമുക്ക് നിയന്ത്രിക്കാനാവില്ലെന്നും ഇടക്കൊക്കെ അശ്രദ്ധ കാണിക്കുന്നത് നല്ലതാണെന്നും ധോണി പറഞ്ഞു. ജീവിതത്തെ സമര്‍ദമില്ലാതെ എങ്ങനെ നേരിടാം എന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ ജീവിതത്തിലെ അപൂർവചിത്രങ്ങളും മുഹൂർത്തങ്ങളും ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ധോണി ആപ്പ് ലോഞ്ച് നടന്ന വേദിയിലായിരുന്നു ക്യാപ്റ്റന്‍ കൂളിന്‍റെ ഉപദേശങ്ങള്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ സഞ്ജു സാംസണും പങ്കെടുത്തിരുന്നു.
'ജീവിതത്തെ സിംപിളായി കാണണം. അവനവനോട് തന്നെ സത്യസന്ധത കാണിക്കണം. ആളുകള്‍ നിങ്ങള്‍ക്കായി ചെയ്യുന്നതിനോട് നന്ദിയുള്ളവരായിരിക്കുക. ഇത് എന്‍റെ ജന്മാവകാശമാണെന്ന് കരുതി കൂടുതല്‍ ആഗ്രഹിക്കരുത്. നന്ദിയുള്ളവരാവുക, നന്ദി പറയുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, ഇളയവര്‍ക്ക് സ്നേഹം നല്‍കുക'– സൂപ്പര്‍താരം ചില സൂപ്പര്‍ കൂള്‍ മന്ത്രങ്ങള്‍ പങ്കുവച്ചു.
എപ്പോഴും മുഖത്ത് ഒരു ചിരി ഉണ്ടെങ്കില്‍ നിങ്ങളുടെ പകുതി പ്രശ്നം തീര്‍ന്നു. നിങ്ങള്‍ അത്ര നല്ല സുഖമുള്ള അവസ്ഥയിലല്ലെങ്കിലും, ചെയ്യാന്‍ വളരെ കഠിനകരമാണെങ്കിലും ക്ഷമിക്കാനുള്ള ശക്തിയുണ്ടാക്കുക. നമ്മളില്‍ പലര്‍ക്കും ഇല്ലാത്ത ഒന്നാണത്. നാമെല്ലാവരും വളരെ പ്രതികാര ബുദ്ധിയുള്ളളരായി തീര്‍ന്നു. ക്ഷമിച്ച് മുന്നോട്ട് പോവുക, ജീവിതത്തില്‍ സന്തോഷവാനായിരിക്കുക. കാരണം എന്തൊക്ക ചെയ്താലും നാം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ എപ്പോഴും സന്തോഷിക്കാനാണ് നമുക്ക് ആഗ്രഹം.
നമുക്കെല്ലാവര്‍ക്കും സമ്മര്‍ദം ഉണ്ടാവും. അക്കരെ പച്ചയാണെന്ന് പറയും. അവന്‍റെ, അവളുടെ ജീവിതമാണ് മികച്ചത് എന്ന് തോന്നും. എന്നാല്‍ നിങ്ങളുടെ സമ്മര്‍ദത്തെ നിങ്ങള്‍ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം, അതിനുവേണ്ടി ഒരുക്കമായിരുന്നോ എന്നതാണ് പ്രധാനം– ധോണി വിശദീകരിക്കുന്നു.
അലക്ഷ്യമായിരിക്കരുതെന്ന് കേട്ടാണ് നാമെല്ലാം വളരുന്നത്. എന്നാല്‍ എനിക്ക് തോന്നുന്നത് ഇന്നത്തെ സാഹചര്യത്തില്‍ കുറച്ച് അശ്രദ്ധമാവാം. കാരണം ചുറ്റും നടക്കുന്ന എല്ലാത്തിനേയും ഓര്‍ത്ത് നിങ്ങള്‍ക്ക് ആശങ്കപ്പെടാനാവില്ല. എല്ലാം നിങ്ങളുടെ വരുതിയില്‍ അല്ല നടക്കുന്നത്. അത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാനും കഴിയില്ല. എല്ലാത്തിനും ഞാന്‍ 100 ശതമാനം ശ്രദ്ധ കൊടുക്കാറില്ല. കാരണം ഇതാണ് പ്രധാനം അതാണ് പ്രധാനം എന്നൊന്നും എനിക്ക് തോന്നാറില്ല. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് വിചാരിച്ച് എന്‍റെ ഒരു ദിവസത്തെ ഉറക്കം ഞാന്‍ കളയാറില്ല'- താരം വ്യക്തമമാക്കി.