ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ മൊബൈലിനൊപ്പം കാണാറില്ല, അദ്ദേഹം മൊബൈല്‍ ഉപയോഗിക്കുന്നതോ സംസാരിക്കുന്നതോ ആയ ഒരു ക്ലിപ്പും എവിടെയും കാണില്ലെന്ന് സഹതാരങ്ങള്‍ തന്നെ നേരത്തേ പറഞ്ഞിട്ടുണ്ട്. ധോണിയുടെ മൊബൈല്‍ നമ്പര്‍ വളരെ ചുരുക്കം പേരുടെ കൈവശമേ ഉള്ളൂ എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുകാരണം അദ്ദേഹത്തിന്റെ വിരളമായ ഫോണ്‍ ഉപയോഗം തന്നെയാണെന്നും അന്ന് സഹതാരങ്ങള്‍ പറഞ്ഞിരുന്നു അതുകൊണ്ടാവാം ധോണി മൊബൈല്‍ ഉപയോഗിക്കുന്ന വിഡിയോ ഇതിനോടകം വൈറലായത്.
പരിശീലനത്തിനിടെ ബാറ്റിങ് കിറ്റ്ബാഗും പാഡുകളും സൂക്ഷിച്ച ഭാഗത്താണ് വിഡിയോയില്‍ ധോണി നില്‍ക്കുന്നത്. ഹെല്‍മറ്റ് താഴെവച്ച് മൊബൈല്‍ എടുത്തുപയോഗിക്കുന്ന ധോണിയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു. എന്നിട്ടും ഏറെനേരമൊന്നും മൊബൈല്‍ ഉപയോഗിക്കുന്നില്ല, സെക്കന്റുകള്‍ മാത്രമാണ് സ്ക്രോള്‍ ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ധോണി പറഞ്ഞ വാക്കുകളാണ് ഈ വിഡിയോയ്ക്ക് താഴെ നിറയുന്നത്. താന്‍ അലാം വയ്ക്കാന്‍വേണ്ടി മാത്രമാണ് മൊബൈല്‍ ഉപയോഗിക്കാറുള്ളതെന്നാണ് അന്നു പറഞ്ഞത്. അതുകൊണ്ടുതന്നെ തനിക്ക് അതിരാവിലെ എഴുന്നേല്‍ക്കാനും സാധിക്കുന്നെന്ന് ധോണി പറഞ്ഞു. അതേസമയം നോട്ടിഫിക്കേഷന്‍ നോക്കുക മാത്രമാണ് ധോണി ചെയ്തതെന്നാണ് മറ്റൊരാളുടെ കമന്റ്. ധോണിയുടെ കോട്ടം തട്ടാത്ത ഫിറ്റ്നസ് ആയിരുന്നു മറ്റുചിലരുടെ കണ്ണുകളില്‍ ഉടക്കിയത്. ഐപിഎല്‍ 2025നുള്ള ഒരുക്കത്തിലാണ് ധോണി. അഞ്ചുതവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പർ കിങ്സിനായി 4 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിർത്തിയത്