ആലിം ഹക്കിം, ഇന്ത്യന്‍ ഫാഷന്‍ ലോകത്ത് മറക്കാനാവാത്ത പേരുകളിലൊന്ന്. സെലിബ്രിറ്റികളുടെ മുടിയിഴകളില്‍ തന്‍റെ കത്രിക കൊണ്ട് മന്ത്രികത തീര്‍ക്കുന്ന ആലിം ഹക്കിം. അനിമലിലെ രണ്‍ബീര്‍ കപൂര്‍, വാറിലെ ഹൃത്വിക് റോഷന്‍, ജയിലറിലെ രജിനികാന്ത് എന്നിങ്ങനെ ആലിമിന്‍റെ കരവിരുതിനാല്‍ സ്റ്റൈലായ തലകളേറെ.
സിനിമാ ലോകത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ആലിമിന്‍റെ കരവിരുത്. അടുത്തിടെ വിരാട് കോഹ്ലിക്ക് ആലിം നല്‍കിയ പുതിയ ഹെയര്‍സ്റ്റൈലിന്‍റെ ചിത്രം വൈറലായിരുന്നു. എം.എസ്.ധോണിയുടെ വിന്‍റേജ് ലോങ് ഹെയര്‍ ലുക്കിന് പിന്നിലും ആലിം തന്നെ.
ആലിമിന്‍റെ അച്ഛനും പ്രസിദ്ധനായ ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്നു. ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, സുനില്‍ ദത്ത്, ശശി കപൂര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അദ്ദേഹം ഹെയര്‍ സ്റ്റൈലിങ് ചെയ്തിട്ടുണ്ട്. എന്നാല്‍ 39–ാം വയസില്‍ അദ്ദേഹം മരിച്ചു. പിതാവ് മരിക്കുമ്പോള്‍ 9 വയസ് മാത്രമായിരുന്നു ആലിമിന്‍റെ പ്രായം.
ഒടുവില്‍ പിതാവിന്‍റെ പാതയിലേക്ക് തന്നെ ആലിം തിരിഞ്ഞു. വീടിന്‍റെ ബാല്‍കണി സലൂണാക്കി. സുഹൃത്തുക്കളില്‍ വിവിധ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചായിരുന്നു തുടക്കം. കോളേജ് പഠനകാലത്ത് ഹെയര്‍ ഡ്രസറാവണമെന്ന ആലിമിന്റെ ആഗ്രഹം കേട്ട് സുഹൃത്തുക്കള്‍ പരിഹസിച്ചു.
എന്നാല്‍ ആലിമിന്‍റെ കഴിവുകള്‍ അറിയാനിടയായ ലോറിയല്‍ കമ്പനി അവന്‍റെ പഠനം സ്പോണ്സര് ചെയ്യുകയും ഇന്‍റര്‍നാഷണല്‍ ഹെയര്‍സ്റ്റൈലിസ്റ്റുകളെ അസിസ്റ്റ് ചെയ്യാന്‍ അയക്കുകയും ചെയ്തു. തന്‍റെ തൊഴിലിനെ ആളുകള്‍ നോക്കിക്കാണുന്ന രീതി മാറണമെന്ന് ആ യുവാവ് ആഗ്രഹിച്ചു.
90കളോടെ ആലിമിനെ ഫാഷന്‍ ലോകവും സിനിമ ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങി. 20 വര്‍ഷം മുമ്പ് തന്നെ സെയ്ഫ് അലി ഖാന്‍, സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍, അജയ് ദേവ്ഗണ് എന്നിവര്‍ ആലിമിന്റെ കസ്റ്റമേഴ്സായി. ഇപ്പോഴും അത് തുടരുന്നു. പിന്നാലെ ആലിമിനെ തേടി നിരവധി സെലിബ്രിറ്റികള്‍ എത്തി.
ചുരുങ്ങിയ സമയത്ത് തന്നെ അയാളുടെ പ്രശസ്തി വര്‍ധിച്ചു. തെന്നിന്ത്യന്‍ താരങ്ങളായ രജിനികാന്ത്, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, മഹേഷ് ബാബു എന്നിവരും ഹെയര്‍ സ്റ്റൈലിങ്ങിനായി ആലിമിനെ തേടിയെത്തി. ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ പ്രതിഫലം ആലിം വെളിപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിലാണ് തുടക്കം, അത് ആലിമിന്‍റെ മിനിമം തുകയാണ്.