Image Credit: animuchx
ഇന്ത്യകാണാനെത്തിയവര്‍, ദമ്പതിമാര്‍ കൊറിയയില്‍ നിന്നെന്ന് കണ്ടതേ മനസിലായി. പിന്നെ മടിച്ചില്ല കൊറിയന്‍ ഭാഷയില്‍ തന്നെ അവരെ സ്വാഗതം ചെയ്തു. അപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് ദമ്പതിമാര്‍ തന്നെ . ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത സ്വീകരണമാണ് രാജസ്ഥാനിലെ ജയ്സാല്‍മിറില്‍ ട്രാവല്‍ വ്ലോഗര്‍മാരായ കൊറിയന്‍ ദമ്പതിമാര്‍ക്ക് ലോക്കല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഒരുക്കിയത്
എന്തായാലും ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. . രാജസ്ഥാനിലെ ജയ്സാല്‍മിര്‍ കാണാന്‍ എത്തിയതായിരുന്നു ട്രാവല്‍ വ്ലോഗര്‍മാരായ കൊറിയന്‍ ദമ്പതികള്‍. ബസ് സ്റ്റാന്‍ഡില്‍ വരിവരിയായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ചിത്രം പകര്‍ത്താനായി ദമ്പതിമാര്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍മാര്‍ അഭിവാദ്യം ചെയ്തത്. എന്നാല്‍ അത് ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരുന്നില്ല. മറിച്ച് നല്ല ഒഴുക്കുള്ള കൊറിയന്‍ ഭാഷയിലായിരുന്നു.
എന്തുകൊണ്ടാണ് കൊറിയക്കാര്‍ അധികമായി ഇന്ത്യയില്‍ വരാതിരുന്നത് എന്നായിരുന്നു ഡ്രൈവര്‍മാരുടെ അടുത്ത ചോദ്യം. എന്തുകൊണ്ടാവുമെന്നൊരു മറുചോദ്യമായിരുന്നു ദമ്പതിമാരുടെ മറുപടി . ഒരുപാടുനാളായി കൊറിയക്കാരെ കണ്ടിട്ടെന്ന് ഡ്രൈവര്‍മര്‍ പറഞ്ഞു .. ഡ്രൈവർമാരുടെ ഭാഷാ വൈദഗ്ധ്യം ബോധിച്ച ദമ്പതിമാര്‍ കൂടുതല്‍ കൊറിയക്കാരെ ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുമെന്ന് മറുപടിയും നല്‍കി .
ആനിമുച്ച് എന്നയാള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടതോടെ വിഡിയോ വൈറലായി. 8.4 മില്യന്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. പിന്നാലെ സംസ്കാരങ്ങൾ തമ്മില്‍ ബന്ധംപുലര്‍ത്താനുള്ള ഇന്ത്യയുടെ കഴിവിനെ അഭിനന്ദിച്ച് ഒട്ടേറെ കമന്റുകളുമെത്തി.