Image Credit : https://www.instagram.com/jessicasimpson
ശബ്ദം മികച്ചതാക്കാന്‍ ഇരട്ടിമധുരം അടക്കം പലതും ഗായകര്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ തന്‍റെ ശബ്ദമാധുര്യത്തിന് പിന്നിലൊരു രഹസ്യപാനീയമാണെന്ന് തുറന്നുപറഞ്ഞ അമേരിക്കന്‍ ഗായികയുടെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ശബ്ദം മികച്ചതാക്കാന്‍ താന്‍ കുടിക്കുന്നത് സ്പേം കോക്ടെയിലുകളാണെന്നാണ് അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരം താന്‍ പതിവായി കുടിക്കുന്ന രഹസ്യപാനീയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പാമ്പിൻ ബീജമാണ് ഈ കോക്ടെയ്‌ലുകളിലെ പ്രധാന ചേരുവകളിലൊന്ന്. താരത്തിന്‍റെ വിഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
പാമ്പിന്റെ ബീജം അടങ്ങിയ ഒരു ചൈനീസ് കോക്ടെയ്‌ലാണ് താന്‍ പതിവായി കുടിക്കുന്നതെന്ന് ജെസീക്ക വിഡിയോയില്‍ പറയുന്നു. തേനിന് തുല്യമാണ് ആ പാനീയത്തിന്‍റെ സ്വാദെന്നും ഇത് കുടിക്കുന്നത് തന്‍റെ ശബ്ദം മികച്ചതാക്കാന്‍ സഹായകമാണെന്നും ജെസീക്ക പറയുന്നു.' ഇത് കുടിക്കുന്നത് ആളുകള്‍ക്ക് മോശമായി തോന്നിയേക്കാം. വോക്കൽ കോഡുകൾ മികച്ചതാക്കാനാണ് താന്‍ സ്പേം കോക്ടെയിലുകൾ കുടിക്കുന്നത്. ഈ പാനീയത്തിൽ പാമ്പിൻ ബീജം അടങ്ങിയിരിക്കുന്ന കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു. അതിലെ ചേരുവകൾ വായിച്ച സുഹൃത്തുക്കളാണ് അക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഞാനിപ്പോള്‍ സ്ഥിരമായി സ്പേം കോക്ടെയിലുകൾ കുടിക്കാറുണ്ടെങ്കിലും ജീവിതത്തിൽ ഇന്നുവരെ എനിക്ക് മദ്യത്തോട് ആസക്തി തോന്നിയിട്ടില്ല. ഞാന്‍ മദ്യപിക്കില്ല എന്നത് എനിക്കും കുടുംബത്തിനും വേണ്ടി എടുത്ത തീരുമാനമാണെന്നും ജെസീക്ക വ്യക്തമാക്കി.
ജെസീക്കയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഗായകര്‍ ശബ്ദം മികച്ചതാക്കാന്‍ പലവഴികളും പരീക്ഷിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പാനീയത്തെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ശബ്ദം മികച്ചതാക്കാൻ ഗായകർ ഇത്തരം രീതികൾ സ്വീകരിക്കുന്നതിൽ അതിശയം തോന്നുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം. അതേസമയം സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ജീവികളുടെ ബീജം കൊണ്ടുള്ള ഉൽപന്നങ്ങൾ സെലിബ്രിറ്റികൾ ഉപയോഗിക്കുന്നതു പതിവാണെന്നും ഇതേപോലെ തന്നെയാണ് സ്പേം കോക്ടെയിലുകളുടെ കാര്യവും അത് ആരോഗ്യത്തിന് ദോഷമല്ലെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.