വിനോദസഞ്ചാരികളുടെ മനം കവര്‍ന്ന് അട്ടപ്പാടി നരസിമുക്കിലെ സൂര്യകാന്തി പാടം. പ്ലാമരം പട്ടിമാളം റോഡിനോട് ചേര്‍ന്നുള്ള പൂന്തോട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്. മഴയൊഴിഞ്ഞ പ്രദേശം സൂര്യകാന്തി കൃഷിക്ക് അനുയോജ്യമെന്ന സാധ്യതയാണ് കര്‍ഷകര്‍ പ്രയോജനപ്പെടുത്തുന്നത്.
മഴക്കുറവ്. സൂര്യപ്രകാശം വേണ്ടുവോളം. നരസിമുക്കിന്റെ കാലാവസ്ഥ ഈ മട്ടിലാവുമ്പോള്‍ സൂര്യകാന്തിപ്പൂക്കള്‍ ഇങ്ങനെ തലയാട്ടും. ആരെയും ആകര്‍ഷിക്കുന്ന കാഴ്ചാ മികവോടെ. നോക്കെത്താ ദൂരത്തോളമൊന്നുമില്ല. ഒരേക്കറിലെ പരീക്ഷണം നൂറുമേനി വിള സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകന്‍. സമാനമായ കാലാവസ്ഥയായതിനാല്‍ ഈമേഖലയില്‍ പൂക്കളുടെ വിസ്മയം തീര്‍ക്കുന്ന സാഹചര്യം കൂടുതലാണ്. അട്ടപ്പാടി കാണാനെത്തുന്നവര്‍ സൂര്യകാന്തിപ്പാടത്തിന്റെ ഫോട്ടോയെടുത്ത് മടങ്ങുകയാണ്.
ഒരടി അകലത്തിലാണ് ചെടികൾ നട്ട് പരിപാലിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ട് വിളവെടുക്കാനാകും. 1000 മുതൽ 3000 കിലോഗ്രാം വരെ വിള പ്രതീക്ഷിക്കാം. സൂര്യകാന്തി വിത്തിന് ക്വിൻറലിന് 5000 രൂപ വരെ വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകരും മികച്ച സാധ്യതയാണ് തേടുന്നത്.