Image Credit: AI Generated Image

യാത്രകള്‍ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ബസും ട്രെയിനും പിടിച്ച് കാഴ്ച്ചകള്‍ കണ്ട് യാത്ര ചെയ്യുന്നതിന്‍റെ സുഖം ഒന്നുവേറെ തന്നെയാണ്. എന്നാല്‍ വിദേശത്തേക്കുളള വിമാന യാത്രകള്‍ പലപ്പോഴും ആസ്വാദ്യമായിരിക്കണം എന്നില്ല. ടിക്കറ്റ്, വിസ, ഹോട്ടല്‍ ബുക്കിങ് , കറന്‍സി എക്​സ്ചേഞ്ച്, ഇന്‍ഷുറന്‍സ് തുടങ്ങിയ അനേകം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കും പലപ്പോഴും നമ്മള്‍ വിദേശയാത്രകള്‍ പോകുന്നത്. വിമാനത്തില്‍ കയറുന്നത് വരെ യാത്രക്ക് തടസമൊന്നുമുണ്ടാകല്ലേ എന്നാണ് പ്രാര്‍ഥന എങ്കില്‍ വിമാനത്തില്‍ കയറി കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം എത്തണേ എന്നാകും പ്രാര്‍ഥിക്കുക. ഒട്ടുമിക്ക എല്ലാവരുടെയും കാര്യങ്ങളും ഇങ്ങനെയൊക്കെ തന്നെ. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാനയാത്രയും നിങ്ങള്‍ക്ക് ആശങ്കകളില്ലാതെ ആസ്വാദ്യകരമാക്കാം. 

വിമാനയാത്ര പുറപ്പെടും മുന്‍പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

യാത്രക്കായി തയ്യാറെടുക്കാം

യാത്ര തീരുമാനിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ വിമാനത്തിന്‍റെ സമയത്തില്‍ എന്തെങ്കിലും തരത്തിലുളള മാറ്റമുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിച്ച് ഉറപ്പുവരുത്തുക. അതിനായി എയര്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ നിർദ്ദിഷ്ട എയര്‍ലൈനിന്‍റെ സൈറ്റ് പരിശോധിക്കുന്നതും ലേറ്റസ്റ്റ് അപ്ഡേറ്റ് അറിയാന്‍ സഹായിക്കും. വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും എത്താനായി ശ്രമിക്കുക. ആഭ്യന്തരവിമാനയാത്രയ്ക്ക് ആണെങ്കിൽ രണ്ട് മണിക്കൂർ നേരത്തെയും രാജ്യാന്തര വിമാനയാത്ര ആണെങ്കിൽ മൂന്ന് മണിക്കൂർ നേരത്തെയും വിമാനത്താവളത്തിൽ എത്തണം. നേരത്തെ എത്തിയാല്‍ തുടര്‍ന്നുളള ചെക്ക് ഇന്‍ അടക്കമുളള നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

ലഗേജ് മാനദണ്ഡങ്ങള്‍ പാലിക്കുക

ടിക്കറ്റില്‍ അനുവദിച്ചിട്ടുളള ലഗേജ് എത്രയാണെന്ന് നോക്കി ഉറപ്പുവരുത്തുക. അതനുസരിച്ച് മാത്രം ലഗേജ് പാക്ക് ചെയ്യുക. കൊണ്ടുപോകാന്‍ അനുവദിച്ച അത്രയും മാത്രം ലഗേജ് കൊണ്ടുപോകുക. ലഗേജിന് ഭാരം കൂടുതലാണെങ്കില്‍ പിഴ അടക്കേണ്ടിവന്നേക്കാം. അതിനാല്‍ അക്കാര്യത്തില്‍ കൃത്യമായി ഉറപ്പുവരുത്തുക. ചില വസ്തുക്കൾ ലഗേജിൽ കൊണ്ടു പോകുന്നതിന് അനുവാദമില്ല. അത്തരത്തിലുളളതൊന്നും തന്‍റെ പക്കലില്ല എന്നും ലഗേജ് പാക്ക് ചെയ്യുമ്പോള്‍ തന്നെ ഉറപ്പുവരുത്തേണ്ടതാണ്.

യാത്രാ രേഖകൾ കരുതുക

പാസ്പോർട്ട്, വീസ, ബോർഡിങ് പാസ് എന്നിവ കൈവശം സൂക്ഷിക്കുക. ഇവ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന ചെറിയ വാലറ്റിലാക്കി സൂക്ഷിക്കുന്നതാകും ഉത്തമം. പ്രധാനപ്പെട്ട രേഖകളുടെ കോപ്പികള്‍ കൈവശം കരുതുന്നതും നല്ലതാണ്. 

സുരക്ഷാ പരിശോധനയ്ക്ക് തയ്യാറെടുക്കുക

ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ അടക്കമുളള നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കിയ ശേഷം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകണം. സുരക്ഷാ പരിശോധന സമയത്ത് കൈവശമുള്ള ഇലക്ട്രോണിക് സാധനങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് ലെറ്റ് എന്നിവയും വാച്ച്, ബെൽറ്റ് മുതലായവയും ഒരു പ്രത്യേക ബിന്നിൽ നിക്ഷേപിച്ച് പരിശോധനയ്ക്കായി നൽകണം. യാത്ര വേളകളില്‍ അധികം ആഭരണങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബിന്നില്‍ വെച്ചിരുന്ന സാധനങ്ങള്‍ കൃത്യമായി തിരിച്ചെടുക്കാനും മറക്കരുത്.

ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താം

വിമാനയാത്രയ്ക്ക് മുമ്പും യാത്രയ്ക്കിടയിലും ആവശ്യത്തിനു വെള്ളം കുടിക്കുക. വിമാനത്തിനകത്തെ ശുചി മുറി ഉപയോഗിക്കാന്‍ മടിയുളളവര്‍ നിരവധിയാണ്. ശുചിമുറി ഉപയോഗിക്കേണ്ട ആവശ്യം വന്നാല്‍ മടികൂടാതെ പോകുക. പ്രായമായ ആളുകള്‍ക്ക് കാലുതരിപ്പ്, കാലുവേദന എന്നിവയുണ്ടെങ്കില്‍ യാത്രക്കിടെ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് ശുചിമുറിക്കടുത്ത് വരെ നടക്കാം. 

അവശ്യവസ്തുക്കള്‍ കരുതാം

യാത്ര കൂടുതൽ സുഗമമാക്കാൻ നെക് പില്ലോ, ഐ മാസ്ക്, ഇയർ പ്ലഗ്സ്, ട്രാവൽ ബ്ലാങ്കറ്റ് എന്നിവ കരുതാവുന്നതാണ്. മരുന്നു കഴിക്കുന്ന വ്യക്തിയാണെങ്കിൽ കൃത്യമായ രേഖകളോടെ മരുന്നുകൾ ഒപ്പം കരുതുക. പ്രധാനപ്പെട്ട രേഖകൾ, ചാർജറുകൾ, വിലപിടിപ്പുള്ള സാധനങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവ നിങ്ങളുടെ കൈയിൽ തന്നെ കരുതുക. സാനിറ്ററി നാപ്കീന്‍ അടക്കമുളള പ്രധാനപ്പെട്ട വസ്തുക്കളും ഹാന്‍ഡ് ലഗേജില്‍ കരുതുന്നതാണ് നല്ലത്. 

ENGLISH SUMMARY:

Things To Do Before Going To The Airport