ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തടസങ്ങള്‍ ഒഴിവാക്കി ചെലവ് കുറച്ച് റഷ്യസന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നിലവില്‍, ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാന്‍ വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.
വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള ഉഭയകക്ഷി കരാര്‍ സംബന്ധിച്ച് ജൂണില്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിസ രഹിത ഗ്രൂപ് ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. 2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാന്‍ ഇ-വിസ സൗകര്യം ലഭിച്ചിരുന്നു. നാല് ദിവസമാണ് ഇ-വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടത്. കഴിഞ്ഞ വര്‍ഷം റഷ്യ ഏറ്റവും കൂടുതല്‍ ഇ-വിസ അനുവദിച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
Also Read; ഭാര്യയെ വാടകയ്‌ക്കെടുക്കാം; വിചിത്ര നീക്കം; വിമര്‍ശനം
2024ന്റെ ആദ്യ പകുതിയില്‍ 28,500 ഇന്ത്യന്‍ സഞ്ചാരികള്‍ മോസ്‌കോ സന്ദര്‍ശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ എവ്ജെനി കോസ്ലോവ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്. 2022ലേതിനെക്കാള്‍ 26 ശതമാനം കൂടുതലാണിത്.
ചൈന, ഇറാന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസാ രഹിത യാത്ര അനുവദിച്ചത് ടൂറിസം രംഗത്ത് റഷ്യക്ക് ഗുണകരമായിരുന്നു. ഇതോടെയാണ് ഇന്ത്യക്കാര്‍ക്കും സമാന സേവനം നല്‍കാന്‍ ആലോചിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.