രാജ്യങ്ങൾ തമ്മിൽ യുദ്ധമാണെങ്കിലും വിദ്വേഷവും തർ‍ക്കവും ഇല്ലാത്ത മനസുമായി അവർ ഒന്നിച്ചു. റഷ്യ യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നെത്തിയ യുവാവും യുവതിയുമാണ് കൊല്ലം അമൃതപുരിയിൽ വിവാഹിതരായത്. യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയുമാണ് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ അമൃതപുരയിൽ വിവാഹിതരായത്. 

യൂറോപ്യൻ സന്ദർശന വേളയിലാണ് രണ്ടുപേരും മാതാ അമൃതാനന്ദമയിയെ നേരിൽ കാണുന്നത്. കൂടിക്കാഴ്ച പതിവായതോടെ രണ്ടുപേരും പലപ്പോഴായി ആശ്രമത്തിലെത്തി. സേവന പ്രവർത്തനങ്ങളിലും ആധ്യാത്മിക പഠനത്തിലും വ്യാപൃതരായി.

സാഷ - ശാശ്വത് എന്നും ഒള്യ സാവിത്രി എന്നും പേരുകളിലൂടെ മലയാളിത്തം ചാർത്തി.2019 ൽ ആണ് ഇരുവരും പരിചയപ്പെടുന്നത്.  2023ൽ റഷ്യൻ–യുക്രെയ്ൻ യുദ്ധം തീവ്രമായപ്പോൾ ഇരുവർക്കും തണലായത് അമൃതപുരിയാണ് 

അമൃത സർവകലാശാല ലാബിൽ ഗവേഷണ വിദ്യാർഥിയാണ് ശാശ്വത്. യുദ്ധ മേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഓഫ് ലൈൻ ഓൺലൈൻ കൗൺസിലിങ്ങിനും ശാശ്വത് നേതൃത്വം നൽകുന്നു . ആശ്രമ പ്രവർത്തനത്തോടൊപ്പം മനഃശാസ്ത്ര പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാവിത്രി.

ENGLISH SUMMARY:

A young man and woman who arrived from the Russia-Ukraine war zone got married in Amritapur, Kollam