വനഭംഗി ആസ്വദിച്ച് വെള്ളച്ചാട്ടത്തില്‍ കുളിച്ച് മടങ്ങാന്‍ പാലക്കാട് മീന്‍വല്ലത്തേക്ക് സഞ്ചാരികളുടെ തിരക്ക്. തമിഴ് നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് മീന്‍വല്ലത്തെ കാഴ്ച തേടിയെത്തുന്നത്. വന്യമൃഗസാന്നിധ്യമുള്ള മേഖലയാണെങ്കിലും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് വനംവകുപ്പും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വനമേഖലയിലൂടെയാണ് വരവ്. തട്ടുതട്ടായി ഒഴുകി അഞ്ചിടങ്ങളില്‍ ഒത്തുചേര്‍ന്ന് തീവ്രതയേറുന്ന യാത്ര. പാറക്കെട്ടുകളില്‍ തട്ടി മുന്നേറുകയാണ് ലക്ഷ്യം. വനത്തിലൂടെയുള്ള വരവാകുമ്പോള്‍ ഒഴുക്കിന്‍റെ ഏറ്റക്കുറച്ചിലുകള്‍ നന്നായി അറിയാം. പച്ചപ്പിന്‍റെ പകിട്ടിലൂടെയുള്ള യാത്രയാണ് വന്‍മരങ്ങളുടെ വേരില്‍ത്തട്ടി ഒഴുകും നേരത്തെല്ലാം മീന്‍വല്ലത്തിന്‍റെ പ്രത്യേകത. ഹരം തീര്‍ക്കുന്നിടത്തേയ്ക്ക് അവധിക്കാലം ആസ്വദിക്കാന്‍ കുരുന്നുകളെയും കൂട്ടി നിരവധിപേരാണ് എത്തുന്നത്.
അടിസ്ഥാന സൗകര്യത്തില്‍ പോരായ്മയുണ്ടെങ്കിലും പുഴയുടെ ഒഴുക്കും കാഴ്ചഭംഗിയും വീണ്ടും വരാന്‍ സഞ്ചാരികള്‍ക്ക് പ്രേരണയാണ്.
പുഴയുടെ വരവും നീളെ, നീളെയുള്ള യാത്രയും പകുതിയിലേറെ വനപാതയിലൂടെയാണ്. വന്യമൃഗസാന്നിധ്യം പതിവായുള്ള മേഖലയാണെങ്കിലും വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൃത്യമായ കരുതല്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുദിനങ്ങളില്‍ ഒരുവേളയെങ്കിലും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഇടമാണ് മീന്‍വല്ലമെന്ന് സഞ്ചാരികള്‍.