ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബര്‍ത്ത് ലോവര്‍ ബര്‍ത്തായിരിക്കും. കാഴ്ച കണ്ട്, ഇഷ്ടത്തിന് അനുസരിച്ച് കിടന്ന് യാത്ര ചെയ്യാം എന്ന സൗകര്യമാണ് ലോവര്‍ ബര്‍ത്തിനുള്ളത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലോവര്‍ ബര്‍ത്ത് ആവശ്യപ്പെട്ടാലും സീറ്റ് കിട്ടണമെന്നില്ല. ഇതിനുള്ള കാരണമെന്താണെന്ന് അറിയാമോ?
യാത്രക്കാര്‍ക്ക് ലോവര്‍ ബര്‍ത്ത് അനുവദിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ലോവര്‍ ബര്‍ത്ത് വിഹിതം വര്‍ധിപ്പിച്ചു എന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്.
റിസര്‍വേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ ഓട്ടോമേറ്റിക്ക് അലോക്കേഷനാണ് ഇന്ത്യന്‍ റെയില്‍വെ ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായ വനിതകള്‍, 45 കഴിഞ്ഞ സ്ത്രീ യാത്രക്കാര്‍, 60 ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ എന്നിവര്‍ക്ക് ഓട്ടോമേറ്റിക്കായി ലോവര്‍ ബര്‍ത്ത് ലഭിക്കും. ഇത്തരക്കാര്‍ക്ക് ബുക്കിങ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ലഭ്യത അനുസരിച്ച് ബര്‍ത്ത് അനുവദിക്കും. റെയില്‍വെ മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. .
സ്ലീപ്പര്‍ ക്ലാസില്‍ ഒരു കോച്ചില്‍ 6-7 ലോവര്‍ ബര്‍ത്താണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. എസി 3 ടയറില്‍ ഒരു കോച്ചില്‍ 4-5 ബര്‍ത്തുകളും എസി 2 ടെയറില്‍ 3-4 ബര്‍ത്തുകളും ഇതിനായി മാറ്റിവെയ്ക്കും. ട്രെയിനിലെ മൊത്തം കോച്ചുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകും ബര്‍ത്ത് റിസര്‍വേഷന്‍ അനുവദിക്കുക.
യാത്ര ആരംഭിച്ച സമയത്ത് ഒഴിവ് വരുന്ന ലോവര്‍ ബര്‍ത്തുകളിലും മുതിര്‍ന്ന പൗരന്മാരായ യാത്രക്കാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻഗണന ലഭിക്കുക. തുടക്കത്തില്‍ അപ്പർ/ മിഡിൽ ബെർത്തുകൾ അനുവദിച്ചവര്‍ക്ക് ഇത്തരത്തില്‍ ലോവര്‍ ബര്‍ത്ത് ഉറപ്പാക്കും.
രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകള്‍ അടക്കം എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും സാധാരണ ലോവർ ബർത്ത് ക്വാട്ടയ്ക്ക് പുറമേ ഭിന്നശേശിയുള്ളവർക്ക് പ്രത്യേക റിസർവേഷനും നല്‍കും. സ്ലീപ്പര്‍ ക്ലാസ്, എസി 3 ടെയര്‍, എസി ഇക്കണോമി ക്ലാസുകളില്‍ രണ്ട് ലോവര്‍ ബര്‍ത്ത് ഉള്‍പ്പടെ നാല് ബര്‍ത്ത് ഭിന്നശേഷിക്കാര്‍ക്ക് റിസര്‍വേഷനാണ്.യ സെക്കന്‍ഡ് സിറ്റിങ്, എസി സിറ്റിങ് എന്നിവയില്‍ നാല് സീറ്റും റിസര്‍വ്ഡ് ക്വാട്ടയിലുണ്ട്.