ശക്തമായ തലവേദനയെടുക്കുമ്പോൾ പച്ചപ്പിലേക്കു നോക്കിയാൽ ആശ്വാസം കിട്ടുമെന്ന് പറയാറില്ലേ? അത് പച്ചനിറത്തിന് ആശ്വാസമേകാനുളള, കണ്ണിന് കുളിർമ നൽകാനുള്ള കഴിവുളളതുകൊണ്ടാണ്. ഓരോ നിറത്തിനും ഇങ്ങനെ പല പ്രത്യേകതകളുണ്ട്. ഓരോ നാടും സംസ്കാരവും അവിടുത്തെ മതം, രാഷ്ട്രീയ പാർട്ടികൾ എന്നിവയെല്ലാം നിറങ്ങളിൽ അധിഷ്ഠിതമാണല്ലോ.
നിറങ്ങൾ മനുഷ്യമനസ്സുമായും ബന്ധപ്പെട്ടു നിൽക്കുന്നു. നിറങ്ങളും മനുഷ്യമനസ്സുമായുളള ബന്ധത്തെ ക്കുറിച്ചുളള പഠനത്തിനാണ് കളർ സൈക്കോളജി അഥവാ കളറോളജി എന്നുപറയുന്നത്. കളർ സൈക്കോളജി അറിഞ്ഞിരിക്കുന്നത് ഒരു വീടിൻറെ ഇന്റീരിയർ മനോഹരമാക്കുവാൻ സഹായിക്കും.. ഇന്റീരിയർ ഡിസൈനർക്ക് ഒരു വ്യക്തിയുടെ അഭിരുചികൾ തിരിച്ചറിയാൻ കളർ സൈക്കോളജി വഴി സാധിക്കും. ഇതു തിരിച്ചറിഞ്ഞ വിദേശരാജ്യങ്ങൾ നിറങ്ങൾക്ക് വളരെയധികം പ്രാധാന്യംനൽകുന്നുണ്ട്.
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്കു പിങ്കുമാണ് പ്രഖ്യാപിത നിറങ്ങൾ. ആശുപത്രികൾക്ക് വെള്ളയും നീലയും കൊടുക്കുന്നത് വൃത്തിയും ശാന്തവുമായ അന്തരീക്ഷം ഉദ്ദേശിച്ചാണ്. രാജ്യാന്തര കമ്പനികളുടെ ലോഗോ പോലും തയ്യാറാക്കുന്നത് നിറങ്ങളുടെ മനശ്ശാസ്ത്രം അടിസ്ഥാനമാക്കിയാണ് . ഇനി ഒാരോ നിറങ്ങളുടെ മനശ്ശാസ്ത്രം ഒന്ന് നോക്കാം.
പച്ച
പ്രകൃതിയോട് ചേർന്നുനിൽക്കുന്നതാണ് പച്ചനിറം. പച്ചനിറത്തിന് തണുപ്പും ശാന്തതയും മുറിക്കുള്ളിൽ പകർന്നുതരാനുള്ള കഴിവുണ്ട്. അടുക്കളയ്ക്ക് പച്ചനിറത്തിന്റെ ഷേയ്ഡുകള്‍ അനുയോജ്യമാണ്. എന്നാൽ, ഇരുണ്ട ഷേഡുകളാണെങ്കിൽ മുറിക്കുള്ളിലിരിക്കുന്നവർക്ക് വല്ലാതെ അലോസരം ഉണ്ടാക്കുകയും ചെയ്യും.
നീല
സമുദ്രവും ആകാശവുമെല്ലാം നീലിമയുടെ വിശാലത പ്രകൃതിക്കു പകർന്നുതരുന്നു. നീലനിറം തണുപ്പ് പ്രദാനം ചെയ്യും. നീലനിറം പ്രതീക്ഷയുടെ നിറമാണ്. അതുകൊണ്ടാണ് ആശുപ്രതി ചുവരുകളിൽ ഈ നിറം കൂടുതലായി ഉപയോഗിക്കുന്നത്. ഭിത്തികൾ ഇളംനീലയാണങ്കിൽ വിദൂരത്താണെന്ന തോന്നലുണ്ടാക്കും. എന്നാൽ കടുംനീലയുടെ ഷേഡുകളാണെങ്കിൽ ഉത്സാഹം വർധിപ്പിക്കും.
ഓറഞ്ച്
ഭിത്തികളിൽ കൊടുക്കുന്ന ഓറഞ്ച് നിറം ഊഷ്മളമാണ്. അതേസമയം, പ്രകാശവും തിളക്കമുള്ളതാണ്. കടും ഓറഞ്ച് നിറം പക്ഷേ, കണ്ണിൽ കുത്തുന്നപോലെയാവാം. കടും ഓറഞ്ചിനെ കൃത്യമായി ഉപയോഗിച്ചാൽ മുറിക്കകം ഉല്ലാസഭരിതമാക്കാം. ചില ഇടങ്ങളെ എടുത്തുകാണിക്കാൻ കടുംഓറഞ്ചിനെ ഇന്റീരിയറിൽ കൊടുക്കുന്നതു നല്ല ഭംഗി പകരും.
പിങ്ക്
വളരെ അടുപ്പവും മാധുര്യവുമേറിയതാണ് പിങ്ക് നിറമണിഞ്ഞ ഇന്റീരിയർ. കുട്ടികളുടെ മുറിക്ക് നന്നായി ചേരും. കൃത്യമായ ഷേയ്ഡ് കൊടുത്താൽ ആശ്വാസദായകമായ നിറമാണ് പിങ്ക്. സ്റ്റൈലിഷ് ആയ ഇന്റീരിയർ ലഭിക്കും. ചില ഭാഗങ്ങളും സാധനങ്ങളും എടുത്തുകാണിക്കാൻ വളരെ മനോഹരമായി ഉപയോഗിക്കാവുന്നതാണ് പിങ്കിന്റെ പല ഷേയ്ഡുകളും
മഞ്ഞ
പ്രസരിപ്പു തരുന്ന മഞ്ഞയുമുണ്ട്, അലോസരമുണ്ടാക്കുന്ന മഞ്ഞനിറവുമുണ്ട്. അടുക്കളയ്ക്കും കുട്ടികളുടെ മുറിക്കും ചേരും. മഞ്ഞനിറമുള്ള ഫർണിച്ചർ കൗതുകമുണർത്തും. മഞ്ഞയും വെള്ളയും രസകരമായ നിറക്കൂട്ടാണ്. അത് ഇന്റീരിയറിന് ചെറുപ്പത്തിന്റെ പ്രസരിപ്പു പകരും. ശ്രദ്ധയാകർഷിക്കാൻ കടുംമഞ്ഞനിറത്തിന് പ്രത്യേക കഴിവുണ്ട്.
ബ്രൗൺ
പ്രകൃതിദത്തമായ നിറമായതിനാൽ ഒരു ക്ലാസ്സിക് നിറമാണ് ബ്രൗൺ അഥവാ തവിട്ടുനിറം എന്നുപറയാം. സുരക്ഷിതത്വം പകരുന്ന നിറമാണ്. തടിയും മണ്ണുമെല്ലാം ബ്രൗണിന്റെ വകഭേദങ്ങളാണല്ലോ. ഒരേസമയം ആഢ്യത്വവും ആധുനികവുമാണ് തവിട്ടുനിറം. ഏത് സ്റ്റൈൽ വീടിനും ചേരും. ഒരിക്കലും ട്രെൻഡ് പോകുമെന്ന് പേടിക്കുകയും വേണ്ട.
വെളള
വെളുത്ത ചുവരുകൾ നിസ്സംഗവും ശുന്യവുമാണെന്നു തോന്നിപോകും. ചടുലതയില്ലാത്തതാണ് പ്ലെയിൻ വൈറ്റ് ചുവരുകൾ. എന്നാൽ വെളുപ്പ് ന്യൂട്രൽ ആയതിനാൽ അതിനോടൊപ്പം ഒട്ടുമിക്ക നിറങ്ങളും ചേരും. കടുംനിറങ്ങൾ കൃത്യമായി വെള്ളയോടൊപ്പം ഇഴചേർത്തു നൽകിയാൽ അകത്തളം ആകർഷകങ്ങളാക്കാം. മുറികള്‍ക്ക് വിശാലത തോന്നിപ്പിക്കാനും വെളള നിറത്തിന് കഴിയും.
കറുപ്പ്
അതുപോലെത്തന്നെ കറുപ്പും. നന്നായി ഡിസൈൻ ചെയ്ത ഭാഗങ്ങളുണ്ടെങ്കിൽ ധൈര്യത്തോടെ കറുപ്പ് പരീക്ഷിച്ചു നോക്കാവുന്നതാണ്. ചില ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാൻ കറുപ്പ് നിറത്തിലുള്ള അലങ്കാരങ്ങൾക്കാകും. ഇന്റീരിയറിനെ ആകപ്പാടെ മാറ്റിയെടുക്കാൻ കറുപ്പിനു കഴിയും. വീടിനുളളിൽ മുഴുവനായി കറുപ്പ് വെളുപ്പ് കോംബിനേഷൻ ഒഴിവാക്കുന്നതാണ് നല്ലത്. ചില മുറികൾക്കു മാത്രമായി നൽകുകയാണെങ്കിൽ കുഴപ്പമില്ല.
ചുവപ്പ്
അത്യാവശ്യം ചൂടൻ നിറമാണ് ചുവപ്പ് . അത്യാവശ്യഭാഗങ്ങളിൽ മാത്രമായി ഒതുക്കിയാൽ ചുവപ്പ് മനസ്സിനെ ഉത്തേജിപ്പിക്കും, പ്രോത്സാഹിപ്പിക്കും. മദ്യശാലകളുടെ ചുവരുകളിൽ ഇരുണ്ട ചുവന്ന നിറമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ചുവപ്പുനിറം വിശപ്പ് കൂട്ടുന്നതിനാൽ കൂടുതൽ മദ്യം ചെലവാകും. എന്നാൽ ചുവപ്പിന്റെ അതിപ്രസരം മനസ്സിനെ സങ്കീർണമാക്കും. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചേ ചുവപ്പ് നിറത്തിലുള്ള അലങ്കാരങ്ങൾ മുറിയിൽ ഉപയോഗിക്കാവൂ.
ചൂടും തണുപ്പുമുളള നിറങ്ങൾ
ശരീരതാപനിലപോലെ നിറങ്ങൾക്കും താപനിലയുണ്ട്. വാം കളർ എന്നത് ചൂടു കൂടുതലുളള നിറങ്ങളും കൂൾ കളർ എന്നത് ചൂടു കുറവുളള നിറങ്ങളുമാണ്. വാം കളറുളള മുറികളിൽ ആളുകൾ കൂടൂതൽ ഊർജസ്വലരായിരിക്കും. വാം കളറുകളായ ചുവപ്പ്, ഓറഞ്ച്, എർത്തികളർ എന്നിവ ഉപയോഗിക്കുമ്പോൾ അകത്തളങ്ങളിലെ ചൂട് കൂടാൻ സാധ്യതയുളളതുകൊണ്ട് ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. പടിഞ്ഞാറു ഭാഗത്തുളള മുറികളിൽ വൈകുന്നേരംവരെ സൂര്യപ്രകാശം ലഭിക്കുന്നതുകൊണ്ട് വാം കളർ ഒഴിവാക്കുന്നതാണു നല്ലത്.
കിഴക്കുഭാഗത്തുളള മുറികളുടെ ഭിത്തി ചൂടാകാനുളള സാധ്യത കുറവായതുകൊണ്ട് വാം കളർ ഉപയോഗിക്കുന്നതു നന്നായിരിക്കും. മുറിയുടെ താപനില കൂട്ടാനും സൂര്യപ്രകാശം കിട്ടാത്തതിന്റെ പ്രശ്നം ഒരുപരിധി വരെ കുറയ്ക്കാനും ഇതു സഹായിക്കും.
കൂൾ നിറങ്ങളായ നീല, പച്ച, എന്നിവയുടെ ഷെയ്ഡുകൾ ആകാശത്തിന്റെയും കടലിന്റെയും പ്രകൃതിയുടെയും കൂൾ ഇഫക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. പടിഞ്ഞാറു ഭാഗത്തുളള മുറികളുടെ ചുവരുകൾ ദീർഘനേരം സൂര്യരശ്മി പതിക്കുന്നതുകൊണ്ട് ചൂടായിത്തന്നെ ഇരിക്കും. അതുകൊണ്ട് ഈ മുറികളിൽ കൂൾ നിറങ്ങളുടെ ഷേയ്ഡുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചൂട് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. തെക്ക്പടിഞ്ഞാറുഭാഗത്തും ഇതേ സ്ഥിതിആയതുകൊണ്ട് അവിടെയും കൂൾ നിറങ്ങളാണ് ഉത്തമം.
വടക്ക് കിഴക്ക് ഭാഗത്തുള്ള മുറികളിൽ ഏതുനിറമായാലും ഉപയോഗിക്കാം. കാരണം,അധികം ചൂടോ തണുപ്പോ ഏൽക്കാത്ത ഭാഗമാണിത്. മുറിയുടെ വലുപ്പം കൂട്ടികാണിക്കാനും കൂൾ നിറങ്ങൾ സഹായിക്കുന്നു.
നമ്മൾ ഇരിക്കുന്ന മുറിയുടെ നിറത്തിനനുസരിച്ച് നമ്മുടെ മൂഡും മാറും . ലിവിങ് റൂമിന് കടും നിറങ്ങളും വെളളയും ഒഴിവാക്കാം. അത്ര കടുത്തതും അത്ര ഇളംനിറങ്ങളും അല്ലാത്ത മിഡിൽ നിറങ്ങൾ ഇവിടെ ഉപയോഗിക്കാം. ഇനി കടുംനിറങ്ങൾ ഇഷ്ടമുളളവർ മുറിയിൽ അതൊഴിവാക്കേണ്ട കാര്യമില്ല. ന്യൂട്രൽ നിറങ്ങൾ കൊടുത്ത് ബാലൻസ് ചെയ്യാൻ ശ്രദ്ധിച്ചാൽ മതി.
കുട്ടികളുടെ പഠനമുറിക്ക് ലൈലാക് നിറം നൽകാം. ടീനേജ് കുട്ടികളുടെ മുറിയിൽ പർപ്പിൾ നൽകുന്നത് അവരുടെ ക്രിയാത്മകതയെ ഉണർത്തും. കുട്ടികൾ പെട്ടെന്ന് വലുതാവും. അതുകൊണ്ട് കിഡ്സ് റൂം കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിച്ചാൽ അവർ വളരുമ്പോൾ അതിനനുസരിച്ച് മാറ്റേണ്ടിവരുന്നതിനാൽ പണനഷ്ടമാണ് എന്നൊരു വാദമുണ്ട്.
എന്നാൽ ഇതിനൊരു മറുവാദം കൂടിയുണ്ട്. കുട്ടികൾക്ക് ഇഷ്ടമുളള നിറങ്ങൾ അവരുടെ മുറിയിൽ ഉപയോഗിക്കൂ, അത് അവരുടെ സ്വഭാവത്തെയും സർഗാത്മകതയെയും സ്വാധീനിക്കും.