Image Credit: dilsefoodie
നല്ല ഭക്ഷണങ്ങള്‍ തേടി യാത്ര പോകുന്ന ആളുകളാണ് ചുറ്റും. അതിനാല്‍ തന്നെ ഇന്ന് എണ്ണിയലൊടുങ്ങാത്തത്രയും ഭക്ഷണ സാധനങ്ങള്‍ ലഭ്യമാണ്. ഭക്ഷണത്തിന്റെ രുചി മാത്രമല്ല അത് എങ്ങിനെ ആളുകളിലേക്ക് എത്തിക്കുന്നു എന്നതും ആ ഭക്ഷണത്തെയും ഹോട്ടലിനെയും ശ്രദ്ധേയമാക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
തെരുവ് ഭക്ഷണ കേന്ദ്രം എന്നതിലുപരി - പാചക വൈദഗ്ധ്യവും വിനോദവും ഒത്തുചേരുന്ന ഒരു വേദിയാണ് ഇൻഡോറിലെ സരഫ ബസാർ. എന്നാല്‍ ഇപ്പോള്‍ അവിടെ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യക്കാരുടെ ഇഷ്‍ട വിഭവമായ വടയാണ്. സാധാരണ വടയല്ല പറക്കും വട. വിൽപ്പനക്കാർ ചൂടുള്ള വടകൾ മുകളിലോട്ടെറിഞ്ഞ് കൃത്യമായി തിരിച്ച് പിടിക്കുന്നു.
ഇന്ത്യയില്‍ വളരെ ജനകീയമായ ഒന്നാണ് സ്ട്രീറ്റ് ഫുഡ്. ഭക്ഷണത്തിന്റെ അവതരണം, രുചികൾ, വൈവിധ്യം, ഇവയെല്ലാാണ് അതിനെ ജനപ്രിയമാക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലെ തെരുവ് കച്ചവടത്തിന്റെ ഹൃദയഭാഗമായ ഇൻഡോറിലെ സരഫ ബസാറിലെ ഒരു പാചക കാഴ്ച 15 വർഷത്തിലേറെയായി ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഓംപ്രകാശ് ജോഷിയുടെ പറക്കുന്ന ദഹി വട. ഒരു സാധാരണ വട കഴിക്കുംമ്പോഴുള്ള അനുഭവമല്ല ഇവിടെ നിന്നും ലഭിക്കുന്നത്. ഓംപ്രകാശ് ജോഷി ഒരു പാത്രത്തില്‍ വടയെടുത്തശേഷം മുകളിലോട്ട് എറിയുന്നു.
പിന്നീട് അത് കൃത്യമായി തിരിച്ച് കയ്യില്‍പ്പിടിച്ച് തൈര് ഒഴിച്ച് വീണ്ടും മുകളിലോട്ട് എറിയുന്നു. ഇതാണ് പറക്കുന്ന വട അല്ലെങ്കില്‍ ഫ്ലൈങ് വട. ഇത് കഴിക്കാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. 1965 മുതൽ ഈ പ്രശസ്തമായ ഭക്ഷണശാല നിലവിലുണ്ട്. അന്ന് 40 പൈസയ്ക്കായിരുന്നു ഒരു ദഹി വട ലഭിച്ചിരുന്നത്. ഇന്നിപ്പോള്‍ അത് 70 രൂപയായി മാറി.