അണ്ടർ 17 ലോകകപ്പിനു പിന്നാലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ വാടക കുത്തനെ കൂട്ടി. പ്രതിദിനം ആറായിരത്തി മുന്നൂറ് രൂപയായിരുന്ന വാടക 16,500 രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ സ്റ്റേഡിയം സാധാരണക്കാരായ കായികതാരങ്ങൾക്ക് അപ്രാപ്യമായി.
അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ടീമുകളുടെ പരിശീലനവേദികളിലൊന്നായിരുന്നു മഹാരാജാസ് കോളജ് ഗ്രൗണ്ട്. ലോകകപ്പിനായി കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സർക്കാർ സ്റ്റേഡിയം നവീകരിച്ചതും ഗ്രൗണ്ടിൽ പുല്ല് വച്ചുപിടിപ്പിച്ചതും. ലോകകപ്പ് കഴിഞ്ഞതോടെ പരിപാലിക്കാൻ ആരുമില്ലാതെ സ്റ്റേഡിയത്തിന്റെ സ്ഥിതി പഴയതുപോലെയായി. എന്നാൽ സ്റ്റേഡിയം പരിപാലനത്തിന് എന്ന പേരിൽ വാടക കോളജ് ഇരട്ടിയിലധികമാക്കി ഉയർത്തിയത് പാവപ്പെട്ട കായിക താരങ്ങൾക്ക് ഇരുട്ടടിയായി. സ്റ്റേഡിയം നവീകരണത്തിന് ഒരു രൂപ പോലും ചെലവഴിക്കാത്ത കോളജ് അധികൃതരാണ് അത്‌ലറ്റിക്സ് അസോസിയേഷനോടുപോലും ആലോചിക്കാതെ വാടക കുത്തനെ കൂട്ടിയത്. ഇതോടെ ചെറിയ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും മഹാരാജാസ് ഗ്രൗണ്ടിൽ കായികമേള സംഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയി. പുല്ലിന് കേടുപറ്റും എന്നതിനാൽ ത്രോ ഇനങ്ങൾ നടത്താനും അനുവാദമില്ല.
ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നവീകരിക്കാൻ സമയമായിട്ടും കോളജ് അധികൃതർ അറിഞ്ഞമട്ടില്ല. ഗ്രൗണ്ടിൽ ഇലക്ട്രോണിക് ടൈമിങ്ങിനുവേണ്ടി സ്ഥാപിച്ച വിലയേറിയ അലൂമിനിയം പാനലുകൾ മോഷണം പോയതായും ആക്ഷേപമുണ്ട്.