തൃശൂര്‍ പൂരത്തിന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് സാക്ഷ്യം വഹിക്കുന്ന ഇലഞ്ഞിമരം പൂത്തു. പതിവില്‍ കൂടുതലായി ഇലഞ്ഞിമരം പൂത്താല്‍ പൂരം വര്‍ണാഭമാകുമെന്നാണ് വിശ്വാസം.
മൂന്നുവര്‍ഷം മുമ്പാണ് ഇലഞ്ഞിമരം ഇങ്ങനെ അവസാനമായി പൂത്തത്. അന്ന്, പൂരം എല്ലാക്കൊണ്ടും ഭംഗിയായി പൂര്‍ത്തിയായി. ഇലഞ്ഞി പൂത്താല്‍ പൂരനഗരത്തിന്റെ ഹൃദയം പൂക്കുന്നതിന് തുല്യമാണെന്നാണ് പൂരപ്രേമികളുെട വിശ്വാസം. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍ ഇലഞ്ഞിമരചുവട്ടില്‍ കുടിയിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ഇലഞ്ഞിമര ചുവട്ടില്‍ എത്തുന്നതും ഈ ആചാരത്തിന്റെ ഭാഗംതന്നെ. 80 വര്‍ഷം വരെ പഴക്കമുള്ള ഒരു ഇലഞ്ഞിമരമുണ്ടായിരുന്നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍. പന്ത്രണ്ടു വര്‍ഷം മുമ്പാണ് ആ ഇലഞ്ഞിമരം വീണതും പകരം പുതിയ ഇലഞ്ഞി നട്ടതും.
ക്ഷേത്രത്തിനുള്ളില്‍ പാണ്ടിമേളം കൊട്ടുന്നത് വടക്കുന്നാഥനില്‍ മാത്രമായിരിക്കും. മറ്റു ക്ഷേത്രങ്ങളുടെ അകത്തു നടക്കുന്ന മേളങ്ങളെല്ലാം പഞ്ചാരിയാണ്. പാണ്ടിയുടെ രൗദ്രതാളത്തില്‍ ഇലഞ്ഞിയും ഉലയും. ഇലഞ്ഞിത്തറ മേളം ആഘോഷമാക്കാന്‍ ക്ഷേത്രത്തിനകത്ത് പ്രത്യേക പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു.