നീറ്റ് പരീക്ഷയ്ക്ക് കുട്ടികളുമായെത്തിയ രക്ഷിതാക്കൾക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കി ആലുവയിലെ മുസ്ലീം പള്ളികള്‍. നൂറുകണക്കിന് പേര്‍ക്കാണ് പള്ളി അധികൃതരുടെ സന്മനസ് ആശ്വാസമായത്. മതസൗഹാര്‍ദത്തില്‍ മഹത്തായ സന്ദേശംകൂടിയായിരുന്നു ആലുവയിലെ ഈ കാഴ്ച. 

ആലുവയ്ക്കടുത്ത് തോട്ടുമുഖത്തും ചാലക്കലിലുമുള്ള രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ തന്നെ രക്ഷിതാക്കൾ കുട്ടികളുമായെത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നടക്കം ദൂരസ്ഥലങ്ങളിൽ നിന്നുള്ള 1200 ഓളം പരീക്ഷാർത്ഥികളാണ് തോട്ടുമുഖം ശിവഗിരി സ്കൂളിലും ചാലക്കൽ അമൽ പബ്ലിക് സ്കൂളിലുമെത്തിയത്. മക്കള്‍ പരീക്ഷയ്ക്കായി സ്കൂളില്‍ പ്രവേശിച്ചതോടെ മാതാപിതാക്കള്‍ക്ക് ആശങ്ക. അതിനിടെയാണ് ഇവർക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിർവഹിക്കാനുമുള്ള സൗകര്യവുമായി പള്ളി അധികൃതര്‍ രംഗത്തെത്തിയത്.   

വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ടവര്‍ ആരാധനാലയത്തിനുള്ളില്‍ മക്കളുടെ വിജയത്തിനായി പ്രാര്‍ഥനാനിരതരായി. പലര്‍ക്കും ഇത് ആദ്യാനുഭവമായിരുന്നു. മതസൗഹാര്‍ദത്തിന്റെ പുതിയൊരു സന്ദേശമാണ് ആലുവയില്‍ എത്തിയവര്‍ അനുഭവിച്ചറിഞ്ഞത്.