കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്ത്. പ്രദേശത്തേയ്ക്കുള്ള ബസ് സര്‍വ്വീസ് നിലച്ചിട്ട് പതിനഞ്ച് ദിവസം പിന്നിട്ടു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വന്‍ കൃഷി നാശമാണുണ്ടാക്കിയത്.

മഴക്കാലമായതോടെ മാങ്കുളത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ആരംഭിച്ചു. കനത്തപ്രളയത്തില്‍ നിന്നും ഇതരമേഖലകള്‍ കരകയറിയിട്ടും മാങ്കുളമിപ്പോഴും ഒറ്റപ്പെടലിന്റെ തുരുത്തിലാണ്. മാങ്കുളം പള്ളിസിറ്റിക്ക് മുകളില്‍ പാര്‍വ്വതി മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് വ്യാപക നാശം വിതച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാങ്കുളം ടൗണിലേക്ക് കല്ലും ചെളിയും ഒഴുകിയെത്തുകയും ടൗണിലെ ഫിലോമിന തോടിനു സമീപമുള്ള കലുങ്ക് അടഞ്ഞ് പോകുകയും ചെയ്തു. നല്ലതണ്ണിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പെരുമന്‍കുത്ത് ആറാംമൈല്‍ റോഡ് ഒലിച്ചു പോയി. ഇതോടെ ആറാംമൈല്‍,അമ്പതാംമൈല്‍,ചിക്കണം കുടി,കള്ളക്കൂട്ടികുടി,പാറക്കുടി,സിങ്ക് കുടി തുടങ്ങിയ ആദിവാസിമേഖലകളില്‍ നിന്നും ആളുകള്‍ പുറംലോകത്തെത്താനാകാതെ ദുരിതത്തിലായി. കുട്ടികള്‍ക്ക് സ്ക്കൂളുകളിലേയ്ക്ക് എത്താനുള്ള വഴികളും മണ്ണിടിച്ചിലില്‍ അടഞ്ഞു

കല്ലാര്‍ മാങ്കുളം റോഡില്‍ തളികം പാലത്തിന് സമീപം മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. മണ്ണ് നീക്കം ചെയ്തതോടെ ചെറുവാഹനങ്ങള്‍ പുറം ലോകത്തെത്തുന്നുണ്ടെങ്കിലും മാങ്കുളത്തേക്കുള്ള ബസ് സര്‍വ്വീസ് നിലച്ചിട്ട് പതിനഞ്ച് ദിവസം പിന്നിടുന്നു. മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ ഇടിഞ്ഞ് പോയ മാങ്കുളം ചിന്നാര്‍ ചപ്പാത്തിന് സമീപത്തെ റോഡ് ഇനിയും ഗതാഗതയോഗ്യമാക്കിയിട്ടില്ല. കനത്തമഴയെ തുടര്‍ന്ന് പഞ്ചായത്തിലേക്കുള്ള വൈദ്യുതി ബന്ധം  ഒരു മാസത്തോളം നിലച്ചു.കുറത്തി ഉള്‍പ്പെടെയുള്ള ആദിവാസികുടികളിലേക്കുള്ള മണ്‍പാതകള്‍ ഒലിച്ചു പോയതോടെ പല ആദിവാസി കോളനികളും ഒറ്റപ്പെട്ട നിലയിലാണ്. മാങ്കുളം വേലിയാംപാറ റോഡില്‍ നിര്‍മ്മിച്ചിട്ടുള്ള പാലത്തിന്റെ  അപ്രോച്ച്് റോഡ് ഒലിച്ചു പോയത് വേലിയാംപാറമേഖലയിലേക്കുള്ള ഗതാഗതം താറുമാറാക്കി.