കോട്ടയത്തെ തീര്‍ഥാടന ഭൂമികയായ രാമപുരത്തിന്‍റെ യശസുയര്‍ത്തി സെന്‍റ് അഗസ്ത്യന്‍സ് ഫൊറോന പള്ളി. മുക്കാല്‍ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളി ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയെന്നാണ് അവകാശപ്പെടുന്നത്. പുതിയ പള്ളിയുടെ കൂദാശ കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ക്ലിമ്മീസ് മാര്‍ ബസേലിയസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
ചരിത്രവും വിശ്വാസവും ഒപ്പം വിസ്മയ കാഴ്ചകളും ഇഴചേര്‍ന്നതാണ് പുതിയതായി നിര്‍മിച്ച രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി. 1450ല്‍ തുടങ്ങുന്ന രാമപുരം പള്ളിയുടെ ചരിത്രം. പഴയ പള്ളിയും 200 ലേറെ വര്‍ഷം പഴക്കമുള്ള പുതിയ പള്ളിയും പള്ളിമേടയുമെല്ലാം 2008ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇതിനു പിന്നിലാണ് ആകാശം മുട്ടി നില്‍ക്കുന്ന പുതിയ പള്ളിയുടെ സ്ഥാനം. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ജീവിച്ചതും അദ്ദേഹത്തിന്‍റെ കബറിടവും രാമപുരം പള്ളിയിലാണ്. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ കബറിടവും ഇവിടെ സ്ഥിതിചെയ്യുന്നു. ഈ ചരിത്രസത്യങ്ങള്‍ അടുത്തറിയാനുള്ള മ്യൂസിയം കൂടി ഉള്‍പ്പെടുത്തി 3 നിലകളിലായാണ് പുതിയ പള്ളി നിര്‍മിച്ചിട്ടുള്ളത്. മൂന്ന് നിലകളിലായി 75,000 ചതുരശ്ര അടിയാണ് പള്ളിയുടെ ആകെ വിസ്തീർണം. ഏറ്റവും താഴത്തെ നിലയിൽ മ്യൂസിയവും തീർഥാടകർക്കുള്ള വിശ്രമമുറികളുമാണ്. കുഞ്ഞച്ചന്‍റെ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
350 വര്‍ഷം പഴക്കമുള്ള ചന്ദനത്തേക്കില്‍ തീര്‍ത്ത ആനവാതിലുകള്‍ കൊത്തുപണികളാല്‍ വിസ്മയം തീര്‍ക്കുന്നു. പള്ളിക്കകത്തും ബാൽക്കണിയിലുമായി അയ്യായിരത്തോളംപേർക്ക് ദിവ്യബലിയിൽ പങ്കെടുക്കാം. ഭിത്തിയിലിരുവശങ്ങളിലും മാതാവിന്‍റെ വിവിധചിത്രങ്ങൾ ഗ്ലാസിൽ തീർത്തിരിക്കുന്നു. അതിനുമുകളിൽ വരിയായി കത്തോലിക്കാ- സഭയിലെ വിശുദ്ധരുടെ ഛായാചിത്രങ്ങൾ. രൂപങ്ങൾ പരാമാവധി ഒഴിവാക്കി ഗ്ലാസുകളിലും കാൻവാസിലുമാണ് ചിത്രങ്ങള്‍ തീര്‍ത്തിട്ടുള്ളത്. 110 അടി ഉയരമുള്ള തോറ പള്ളിയുടെ പ്രധാനപ്രത്യേകതയാണ്. 20 ജപമാല രഹസ്യങ്ങളും 12ശിഷ്യൻമാരും 4 സുവിശേഷകരും ചിത്രങ്ങളായിപള്ളിയിൽ നിറയുന്നു. പള്ളിയുടെ മുൻഭാഗംപണിതിരിക്കുന്നത് പോർചുഗീസ് - ഗോത്തിക് ശൈലിയിലാണ്. പിൻഭാഗം ബൈസന്റൻ ശൈലിയിലും. 200 അടി നീളവും 120വീതിയുമുള്ള പള്ളിയുടെ ഉയരം 235 അടിയാണ്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു കൂദാശ ചടങ്ങുകള്‍. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ സന്ദേശം നല്‍കി. ഇവരെ കൂടാതെ ഇരുപതിലേറെ ബിഷപ്പുമാര്‍ സഹകാര്‍മികരായി. ചടങ്ങിന് ആയിരക്കണക്കിന് വിശ്വാസികള്‍ സാക്ഷികളായി.