ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പു ജോലിയിലായതോടെ പാലക്കാട് തൃത്താല മേഖലയില്‍ അനധികൃത മണ്ണുഖനനം തകൃതിയായി. പരാതികള്‍ക്ക് പരിഹാരമില്ലാതായതോടെ നാട്ടുകാര്‍ നിസഹായരായി.
തൃത്താല മേഖലയിലെ കപ്പൂർ,പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളുകളിലാണ് പരിസ്ഥിതിക്ക് ദോഷകരമാം വിധം മണ്ണെടുപ്പും െചങ്കല്‍ ഖനനവും തുടരുന്നത്. മരങ്ങളാല്‍ സമ്പന്നമായ കുന്നുകളെല്ലാം ഇല്ലാതായി. യാതൊരു അനുമതിയുമില്ലാതെ പകലും രാത്രിയുമെന്നില്ലാതെ മണ്ണെടുപ്പ് പതിവാണ്. നിയമലംഘനം തടയേണ്ടുന്ന ഉദ്യോഗസ്ഥരുടെ മൗനം നാട്ടുകാരെയും നിസഹായരാക്കുന്നു.
കപ്പൂര്‍ വില്ലേജ് ഒാഫീസിന് സമീപത്തു മണ്ണെടുപ്പ് നടന്നിട്ട് നടപടിയെടുത്തില്ല. ആനക്കര പഞ്ചായത്തിലെ മലമൽക്കാവ് കുന്ന് ഇടിച്ചുനിരത്തിയിട്ടും ഉദ്യോഗസ്ഥര്‍ കണ്ടില്ല. പൊടിശല്യവും മണ്ണിടിച്ചിലും നാട്ടുകാരുടെ ജീവിതത്തെ സാരമായി ബാധിക്കുകയാണ്.
പട്ടാമ്പിയിലെ റവന്യൂ സ്ക്വാഡ് പൂര്‍ണസജ്ജമല്ല. വാഹനമില്ലെന്നും വാഹനത്തിന് ഇന്ധനമില്ലെന്നുമൊക്കെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടാല്‍ ഉദ്യോഗസ്ഥരുടെ മറുപടി.