കൊച്ചി മറൈൻ ഡ്രൈവ് സുന്ദരമാക്കാൻ ഇടപെടലുമായി ഹൈക്കോടതി. മറൈൻ ഡ്രൈവിന്‍റെ സംരക്ഷണത്തിനായി ജില്ലാ കലക്ടർ ഉൾപ്പെട്ട സ്ഥിരം നിരീക്ഷണ സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണമെന്നാണ് കോടതി നിർദേശം.
അവധിക്കാലമായതോടെ മറൈൻ ഡ്രൈവിൽ തിരക്കേറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിസരം വൃത്തിയായി സൂക്ഷിച്ചേ മതിയാകൂ. വാക്ക്‌വേ വൃത്തിയായി സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനും നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ പ്രതീക്ഷയോടെയാണ് സന്ദർശകർ കാണുന്നത്.
ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മീഷർ, ജിസിഡിഎ സെക്രട്ടറി, കൊച്ചി കോർപറേഷൻ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി എന്നിവർ ഉടൻ യോഗം ചേരണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. തുടർന്ന് ഓരോ വകുപ്പിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് സമിതി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്.
നാലാഴ്ചയ്ക്കകം സമിതി രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കണം. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം. കോടതിയുടെ നിർദേശപ്രകാരമായിരിക്കും സമിതിയുടെ പ്രവർത്തനം. വർഷത്തിൽ രണ്ട് തവണയെങ്കിലും സമിതി യോഗം ചേരണം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, പരാതി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.