അംഗന്‍വാടികളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത്. കെട്ടിടങ്ങളെ ചിത്രങ്ങളാല്‍ മോടിപിടിപ്പിക്കുന്നതിനൊപ്പം വൃത്തിയുള്ള അടുക്കളയും ശുചിമുറികളും ഒരുക്കി അംഗന്‍വാടികളുടെ മുഖഛായ മാറ്റുകയാണ് ലക്ഷ്യം.
പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളിലും വീടിന്റെ പിന്നാമ്പുറങ്ങളിലും പ്രവര്‍ത്തിക്കേണ്ട ഗതികേടില്‍ നിന്ന് അംഗന്‍വാടികളെ മോചിപ്പിക്കുകയാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് അംഗന്‍വാടിയില്‍ പുത്തന്‍ ആശയം നടപ്പിലാക്കി ബ്ലോക്ക് പഞ്ചായത്ത് കയ്യടിയും നേടി. കാട്ടിക്കുന്ന് അംഗന്‍വാടിയിലെത്തുന്നുവര്‍ ശരിക്കും അമ്പരക്കും. അംഗന്‍വാടിയുടെ ചുറ്റുമതില്‍ നിറയെ വര്‍ണചിത്രങ്ങളാണ്. നിറങ്ങള്‍ ചാര്‍ത്തിയ ഗേറ്റ് കടന്നാൽ വൃത്തിയുള്ള മുറ്റത്ത് ഊഞ്ഞാലും കളി ഉപകരണങ്ങളും. അംഗന്‍വാടിയുടെ ചുവരുകള്‍ നിറയെ അക്ഷരങ്ങളും ചിത്രങ്ങളുമാണ്. ഭക്ഷണം പാകം ചെയ്യാന്‍ വൃത്തിയുള്ള അടുക്കളയും ആധുനിക രീതിയിലുള്ള ശുചിമുറിയുമടക്കം വീടിന്‍റെ അന്തരീക്ഷമാണ് അംഗന്‍വാടിയില്‍ ഒരുക്കിയിട്ടുള്ളത്.
അംഗന്‍വാടികളെ ബാലസൗഹൃദമാക്കാനും കളി ഉപ കരണങ്ങൾ വാങ്ങുന്നതിനുമായി ആറ് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളിലെ അംഗന്‍വാടികളിലും നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടവും പരിസരവും ആകർഷകകമായതോടെ കൂടുതല്‍ മാതാപിതാക്കളും കുട്ടികളെ അംഗന്‍വാടിയിലേക്ക് അയച്ചു തുടങ്ങി. മുഖം മാറുന്ന അംഗനവാടികൾ കുട്ടികൾക്ക് മാത്രമല്ല ജീവനക്കാർക്കും നാട്ടുകാർക്കും സന്തോഷ കാഴ്ചയാവുകയാണ്.