കനത്ത ചൂടിൽ നെഞ്ചുരുകി എറണാകുളം വാഴക്കുളത്തെ പൈനാപ്പിൾ കർഷകർ. ഇത്തവണത്തെ ഉത്പാദനത്തെ വലിയ രീതിയിലാണ് ചൂട് ബാധിച്ചിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക് നെറ്റും, ഓലകളും വിരിച്ചാണ് പൈനാപ്പിൾ തോട്ടങ്ങളുടെ കിടപ്പ്.
പുല്ലും ഓലയും ആയിരുന്നു കുറച്ചുകാലം മുൻപ് വരെ ചൂടിനെ അതിജീവിക്കാൻ പൈനാപ്പിൾ കർഷകർ ഉപയോഗിച്ചിരുന്നത്. എന്നാൽ നേരത്തെ എത്തിയ വേനൽ ചൂട് പരമ്പരാഗത രീതികളെ മാറ്റിമറിച്ചു. വിലകൂടിയ പ്ലാസ്റ്റിക് നെറ്റുകളാണ് ചൂടിനെ പ്രതിരോധിക്കാൻ ഇത്തവണത്തെ ആശ്രയം. എന്നിട്ടുപോലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 25 ശതമാനമെങ്കിലും ഉത്പാദനത്തിൽ കുറവുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
ഒരു ചെടിക്ക് രണ്ട് രൂപയായിരുന്നു സാധാരണ ചിലവ്. എന്നാൽ നെറ്റിന്റെ ഉപയോഗം അത് ഇരട്ടിയാക്കി. വിപണിയിൽ 45 മുതൽ 43 രൂപ വരെയാണ് പൈനാപ്പിളിന്റെ വില. കർഷകന് 25 മുതൽ 30 രൂപ വരെ കിട്ടും. എന്നാൽ വേനൽ നേരത്തെ എത്തിയത് കർഷകർക്ക് ഇരുട്ടടിയാവുകയാണ്