മാലിന്യവാഹിനികളായ ആലപ്പുഴയിലെ കനാലുകൾക്ക് പുതുജീവൻ കൈവരുന്നു. 108 കോടി രൂപ ചെലവിൽ നടക്കുന്ന നവീകരണ പ്രവർത്തിയുടെ  ഒന്നാംഘട്ടം ഈ മാസം പൂർത്തിയാവും. നാല് ഘട്ടമായാണ് ചെറുതും വലുതുമായ ഒട്ടേറെ കനാലുകൾ നവീകരിക്കുന്നത്.

വാടക്കനാലും വാണിജ്യ കനാലും ഉൾപ്പെടെയുള്ള 9 പ്രധാന കനാലുകളുടെയും 15 ചെറുകനാലുകളുടെയും ശുദ്ധികരണമാണ് ആലപ്പുഴ നഗരത്തിൽ നടക്കുന്നത്. വെള്ളംവറ്റിച്ചു ചെളികോരി വൃത്തിയാക്കുന്നതാണ് ഒന്നാം ഘട്ടം. അരികുകൾക്ക്  കരിങ്കൽ ഭിത്തികെട്ടി സംരക്ഷണവും  ഉറപ്പാക്കുന്നുണ്ട്. കനാലിൽ നിന്ന് നീക്കം ചെയ്യുന്ന ചെളി, കുട്ടനാട്ടിൽ പുറംബണ്ടുകൾ ശക്തിപ്പെടുത്താൻ ആണ് ഉപയോഗിക്കുന്നത്. ഈ മാസം  31 ആദ്യഘട്ടം പൂർത്തിയാക്കും. വൃത്തിയാക്കുന്ന കനാലിൽ വീണ്ടും മാലിന്യ നിക്ഷേപിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നു നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനാലിലേക്ക് തുറന്നിരിക്കുന്ന എല്ലാ കുഴലുകളും അടച്ചു വരികയാണ് 

48 കോടി രൂപ ചെലവിൽ ആണ് രണ്ടാംഘട്ടം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ചെറുകനാലുകളും പൊഴികളും ഇതിൽ ഉൾപ്പെടും. 145 പ്രൊജക്റ്റുകളിലായി 36 കിലോമീറ്റർ കനാലാണ് നവീകരിക്കുക. പോള ശല്യം തടയുന്നതും വൃത്തിയാക്കുന്ന കനാലിന്റെ സംരക്ഷണം ഉറപ്പാക്കുന്നതുമാണ് അവസാനഘട്ടം.