കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത് സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച  വെള്ളൂർ കെ.പി.പി.എല്ലിൽ തൊഴിലാളികൾ പണിമുടക്കിലേക്ക്. സ്ഥാപനത്തിനും തൊഴിലാളികൾക്കും ഗുണകരമായ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനും മാനേജ്മെന്റിനുമെതിരെയാണ് സിഐടിയു ഉൾപ്പെടെ പണിമുടക്കുന്നത്. അടുത്തമാസം അഞ്ചിനാണ് സൂചനാ പണിമുടക്ക്.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാരിനുള്ള സംസ്ഥാന സർക്കാരിന്റെ ചുട്ട മറുപടി. സംസ്ഥാന സർക്കാരിന്റെ, വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതി.. രണ്ടു വർഷങ്ങൾക്കു മുൻപ്  വെള്ളൂർ എച്ച്.എൻ.എൽ കെ.പി പി.ൽ ആയപ്പോൾ  നാടിന്റെയും ജീവനക്കാരുടെയും പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ അല്ല കാര്യങ്ങൾ എന്നാണ് സിഐടിയു ഉൾപ്പെടെ പറയുന്നത്. സ്ഥിര നിയമനങ്ങൾ ഇല്ല, ജീവനക്കാർക്ക് ആനുകൂല്യങ്ങളും പ്രവർത്തന മൂലധനവും ഇല്ല എന്തിന് മെഷീനുകളുടെ കൃത്യമായ അറ്റകുറ്റപ്പണി പോലുമില്ല. ഫലമോ തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ പകുതി ഉൽപാദനം പോലും  വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിൽ നടക്കുന്നില്ല 

പലവട്ടം സർക്കാരിനെയും മാനേജ്മെന്റിന്റെയും സമീപിച്ചിട്ടും നടപടി ഇല്ലാതിരുന്നതോടെയാണ് തൊഴിലാളി യൂണിയനുകൾ സംയുക്തമായി പ്രതിഷേധത്തിന് ഇറങ്ങുന്നത്.. സ്ഥാപനത്തോട് ആത്മാർത്ഥതയുള്ള മാനേജ്മെന്റിനെ കൊണ്ടുവരിക, തൊഴിലാളികളുടെ ആരോഗ്യത്തിനായുള്ള കമ്പനി ക്ലിനിക് തുറന്നു പ്രവർത്തിക്കുക, കാന്റീൻ സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങി ക്വാർട്ടേഴ്സിൽ വെള്ളം ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് വരെ സമരം ചെയ്യേണ്ട സ്ഥിതിയിലാണ് തൊഴിലാളികൾ.. സിഐടിയുവും ഐഎൻടിയുസിയും എംപ്ലോയീസ് അസോസിയേഷനും സംയുക്തമായാണ്  ഒരു ദിവസം നീണ്ടുനിൽക്കുന്ന  സൂചന പണിമുടക്കിലേക്ക് പോകുന്നത്.. അതേസമയം  സമരം ഒഴിവാക്കുന്നതിനായി  യൂണിയങ്ങളുമായി ചർച്ച നടത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.

ENGLISH SUMMARY:

Velloor KPPL Workers to Strike Amidst Unresolved Issues