TAGS

തൃശൂര്‍ പുത്തൂരിലെ നിര്‍ദ്ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ആദ്യഘട്ട നിര്‍മാണം ഉടന്‍ തീരും. സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെ നാലിനം മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള നാലു കേന്ദ്രങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 

തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം രണ്ടു പതിറ്റാണ്ടായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. അതുക്കൊണ്ടുതന്നെ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ നിര്‍മാണ പുരോഗതി ഉറ്റുനോക്കുകയാണ് നാട്ടുകാര്‍. നൂറ്റിയന്‍പത് കോടി രൂപയോളം ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കു വേഗം കൂടി. 

നാലിനം മൃഗങ്ങളെ പാര്‍പ്പിക്കാന്‍ നാലു പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍മിച്ചു. സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, വിവിധയിനം പക്ഷികള്‍ എന്നിവയെ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങളുടെ നിര്‍മാണമാണ് അവസാനഘട്ടത്തില്‍. മൃഗങ്ങളെ കൂട്ടിലിടാതെ വളര്‍ത്തുന്ന രീതിയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍. മൃഗങ്ങളും കാഴ്ച്ചക്കാരും തമ്മില്‍ വേര്‍തിരിവുണ്ടാക്കുന്നത് വലിയ കിടങ്ങുകളാണ്. കാട്ടിനകത്ത് മൃഗങ്ങള്‍ എങ്ങനെയാണോ ജീവിക്കുന്നത് അതേപോലെ തന്നെയാണ് സുവോളജിക്കല്‍ പാര്‍ക്കിലും സൗകര്യങ്ങള്‍. കാഴ്ചക്കാര്‍ക്ക് കണ്ടാസ്വദിക്കാന്‍ പ്രത്യേക വ്യൂ പോയിന്‍റുകളും സജ്ജമാണ്. 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് മുന്നൂര്‍ ഹെക്ടര്‍ പ്രദേശത്ത് വരുന്നത്. നിലവില്‍, നാല്‍പത്തിയെട്ടു ഹെക്ടര്‍ പ്രദേശത്താണ് സുവോളജിക്കല്‍ പാര്‍ക്ക്. മറ്റു സ്ഥലത്തുക്കൂടെ യാത്രയാണ് ഉദ്ദേശിക്കുന്നത്. 2020 ഡിസംബറോടു കൂടെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റാനുള്ള തിടുക്കത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലം എം.എല്‍.എ. കെ.രാജന്‍റെ നേതൃത്വത്തില്‍ എല്ലാ ആഴ്ചകളിലും വിലയിരുത്തുന്നുണ്ട്.