മലയിടിച്ചിലിൽ തകർന്ന മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലകാലാവസ്ഥയാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലിനെ തുടർന്ന്  കൊച്ചി - ധനുഷ്‌കോടി  ദേശീയ പാതയിലെ മൂന്നാർ ഗ്യാപ് റോഡിലാണ് ഗതാഗത നിരോധനം.  രണ്ടാഴ്ചയ്ക്കുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നെങ്കിലും  നിലവിലെ സാഹചര്യത്തില്‍ അതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് സൂചന. ദേശീയപാതയിലെ ലോക്കാട് ഭാഗത്തുള്ള നൂറ് മീറ്ററോളം വരുന്ന റോഡാണ് പൂര്‍ണമായും തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. കനത്ത മൂടല്‍ മഞ്ഞില്‍ വന്‍ പാറകള്‍ പൊട്ടിക്കുന്ന ഹൈഡ്രോളിക് കംപ്രസറുകള്‍ ഉപയോഗിക്കുവാന്‍ കഴിയാതെ വരുന്നതാണ് പ്രതിസന്ധി.  റോഡിലേക്ക് വീണ പാറകള്‍ ഇരുവശത്തേക്കും  നീക്കുന്ന  ജോലികളാണ്  പുരോഗമിക്കുന്നത്. 

റോഡ് തകര്‍ന്നത് മൂന്നാറിലെ തൊഴിലാളികള്‍ക്ക്  വലിയ തിരിച്ചടിയായി. തേനി, രാജപാളയം,  ചിന്നക്കനാല്‍ മേഖലകളിലെ വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. മൂന്നാറില്‍ നിന്ന്  സര്‍വ്വീസ് നടത്തുന്ന ബസുകളും മറ്റു വാഹനങ്ങളും ആനച്ചാല്‍,  വഴിയാണ് തമിഴ്നാട്ടിലെ ബോഡി, തേനി മേഖലകളിൽ ഇപ്പോൾ  എത്തുന്നത്.