thrithala-04-12

പാലക്കാട് തൃത്താല മേഖലയിലെ റെഗുലേറ്ററുകളുടെ നിര്‍മാണപ്രവൃത്തികള്‍ വൈകുന്നു. പ്രളയത്തില്‍ തകരാറുണ്ടായ വെളളിയാങ്കല്ല് റെഗുലേറ്ററിന് പതിനെട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാകുന്നതായാണ് പരാതി. 

വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ സിവില്‍, മെക്കാനിക്കൽ പ്രവൃത്തികൾക്കായി 18 കോടി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെന്‍ഡര്‍ നടപടികള്‍ വൈകുകയാണ്. 2018ലെ പ്രളയത്തില്‍ റെഗുലേറ്ററിന്റെ സംരക്ഷണഭിത്തിയും ഏപ്രണുകളും തകര്‍ന്നിരുന്നു. പ്രളയത്തിൽ റഗുലേറ്ററിന്റെ ഒരു ഷട്ടർ ഒഴുകിപ്പോയിരുന്നു. ഇതിന്റെയൊക്കെ പുനര്‍നിര്‍മാണം വേഗത്തിലാക്കിയില്ലെങ്കില്‍ കൂടുതല്‍ അപകടമാകും.

ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലെ റഗുലേറ്റര്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. 19 പില്ലറുകള്‍ മാത്രമാണ് നിര്‍മിച്ചത്. പക്ഷേ ഇവിടെയും പ്രവൃത്തികള്‍ ൈവകിയാല്‍ പുഴയോരങ്ങളിലെ വീടുകളിലേക്ക് വെളളം കയറുമെന്നാണ് നാട്ടുകാരുടെ പരാതി.

നിരവധി കുടിവെള്ള പദ്ധതികള്‍ക്കും രണ്ടായിരം ഹെക്ടര്‍ സ്ഥലത്ത് കൃഷിക്കായി വെള്ളമെത്തിക്കാനും കൂട്ടക്കടവ് റഗുലേറ്റര്‍ പ്രയോജനപ്പെടുമെന്നിരിക്കെ ഉദ്യോഗസ്ഥതലത്തിലെ നടപടിക്രമങ്ങളിലാണ് വീഴ്ചയുണ്ടാകുന്നത്.