nenmara

പാലക്കാട് നെന്മാറയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചവരില്‍ പുതിയ വീടിന് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കാതെ ഒരു കുടുംബം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിച്ചഭൂമി ലഭിച്ചതിന്റെ പേരില്‍ ചേരുംകാട് സ്വദേശി ശബരിനാഥനാണ് വീടില്ലാതെ അലയുന്നത്. നേരത്തെ നല്‍കിയ മിച്ചഭൂമി തിരിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് വീട് നിര്‍മിക്കാന്‍ പണം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

2018 ല്‍ പത്തുപേരുടെ ജീവനെടുത്ത നെന്മാറ അളവുശേരിയിലെ ഉരുള്‍പൊട്ടലുണ്ടായ മലയോട് േചര്‍ന്നായിരുന്നു ശബരിനാഥനും കുടുംബവും താമസിച്ചിരുന്നത്. സുരക്ഷിതത്വം കണക്കിലെടുത്ത് പ്രദേശത്തുളളളരെയെല്ലാം സര്‍ക്കാര്‍ ഒഴിപ്പിച്ചപ്പോള്‍ ഇവരും മലയിറങ്ങി. പകരം സ്ഥലംവാങ്ങി വീട് വയ്ക്കാന്‍ സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചു. ശബരിനാഥന്‍ ഭൂമി വാങ്ങിയെങ്കിലും പണം ‌മാത്രം ലഭിച്ചിട്ടില്ല. ശബരിനാഥന്റെ ഭാര്യയുടെ പേരിലും അമ്മയുടെ പേരിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരില്‍ നിന്ന് മിച്ചഭൂമി ലഭിച്ചതാണ് കുരുക്കായത്. താമസയോഗ്യമല്ലാത്ത മിച്ചഭൂമി സര്‍ക്കാരിന് തിരിച്ചുനല്‍കാന്‍ ഇവര്‍ തയ്യാറാണ്. സര്‍ക്കാര്‍ കെട്ടിടത്തിലെ തല്‍ക്കാലിക താമസം ഏത് നിമിഷവും ഇല്ലാതായേക്കാം. ഒരു കുടുംബത്തിന് തന്നെ ഒന്നിലധികം ഭൂമിയെന്ന സാങ്കേതിക പ്രശ്നം മറികടക്കണം. മറ്റുളളതെല്ലാം തിരിച്ചെടുത്ത് പുതിയ സ്ഥലത്ത് വീട് നിര്‍മിക്കാന്‍ പണം അനുവദിക്കണം. സര്‍ക്കാര്‍ ഇടപെടല്‍ തേടുകയാണ് കുടുംബം.