സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആർഎസ്ബിവൈ സ്കീമിൽ നിയമിതരായ  നഴ്സുമാർ പ്രതിഷേധത്തിൽ. ജോലി തടസപ്പെടുത്താതെ നഴ്സുമാർ ആശുപത്രിയിൽ നിൽപ്പ് സമരം നടത്തി.സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം ലഭിക്കണമെന്നാണ്  നഴ്സുമാർ ആവശ്യപ്പെടുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

ഫെബ്രുവരി 11ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആർഎസ്ബിവൈ നഴ്‌സുമാർക്ക് 30,995 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് 17,000 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ദിവസ വേതനം 566 ൽ നിന്ന് 666 രൂപയായി വർധിപ്പിച്ചപ്പോൾ ശമ്പളം ഇരുപതിനായിരമായി. സർക്കാർ ഉത്തരവനുസരിച്ചുള്ള ശമ്പളം തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നഴ്സുമാർ പറയുന്നു. ആർഎസ്ബിവൈയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്കു വരെ സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന വേതനമായ 21, 175 രൂപ ലഭിക്കുന്നുണ്ട്. കോവിഡ് ജോലി ഉൾപ്പെടെ ചെയ്യുന്ന നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം പോലും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. കാസ്പ് പദ്ധതിയിൽ നിന്നാണ് ആർഎസ്ബിവൈ സ്കീമിലെ നഴ്‌സുമാർക്ക് ശമ്പളമനുവദിക്കുന്നത്. 2011 മുതൽ കുറഞ്ഞ വേതനത്തിൽ ഇവിടെ 86 സ്റ്റാഫ് നഴ്സുമാരാണ് ജോലി ചെയ്തു വരുന്നത്. സ്ഥിരം ' നഴ്സുമാർക്ക് പ്രതിമാസം 7500 രൂപ റിസ്ക് അലവൻസ് നൽകുമ്പോൾ  ഒന്നര വർഷമായി കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ എല്ലാ ജോലികളും ചെയ്യുന്ന തങ്ങൾക്ക് മറ്റൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും  ഇവർ പറയുന്നു.

സ്ഥിരം നഴ്‌സുമാർക്ക് പുതിയ ശമ്പള പരിഷ്ക്കരണത്തിലൂടെ റിസ്ക് അലവൻസ് കൂടാതെ  39,500 രൂപ ലഭിക്കുന്നുണ്ട്.   ഈ സാഹചര്യത്തിലാണ് ആർഎസ്ബിവൈ നഴ്‌സുമാർ  നിൽപ്പു സമരം നടത്തി തങ്ങളുടെ  പ്രതിഷേധ മറിയിച്ചത്. ജോലി തടസപ്പെടാതെയായിരുന്നു പ്രതിഷേധം. ഈ സമരത്തിലൂടെയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.