മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്ന് നടത്തുന്ന ഹൃദയപൂർവ്വം പദ്ധതി മനുഷ്യത്വത്തിനൊപ്പമുള്ള യാത്രയെന്ന് കേരള ഗവർണർ. കേരളത്തിന് എങ്ങനെ സേവനം ചെയ്യണമെന്ന് ഹൃദയപൂർവ്വം പദ്ധതി പറഞ്ഞു തന്നു. ഹൃദയപൂർവ്വം 25–ാം വർഷ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള ഗവർണർ.
കേരള ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതു പരിപാടി ഈ വേദിയായതിൽ ഹൃദയപൂർവ്വം നന്ദി പറഞ്ഞായിരുന്നു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസാരിച്ചു തുടങ്ങിയത്. മികച്ച ചികിത്സാ സൗകര്യങ്ങളെല്ലാം രാജ്യത്തിന്‍റെ ഗ്രാമങ്ങളിലുമെത്തണം. വികസിത ഭാരതത്തിന് മലയാള മനോരമ നൽകുന്ന മാതൃകയാണ് ഹൃദയപൂർവ്വമെന്നും കേരള ഗവർണർ.
ഹൃദയാരോഗ്യ രംഗത്തെ മലയാള മനോരമയുടെ ഇടപെടൽ പ്രതീക്ഷ നഷ്ടപ്പെട്ടിടത്ത് പ്രത്യാശ നിറച്ചുവെന്ന് ഇന്ത്യയുടെ മിസൈൽ വനിതയും നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ടെസി തോമസ്. ഹൃദയപൂർവ്വം യാത്രയിൽ ഒപ്പമുണ്ടായിരുന്ന മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാരെ പുരസ്‌കാരം നൽകി ആദരിച്ചു. മദ്രാസ് മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്‍റ് ജോസഫ് എബ്രഹാം, ചെയർമാൻ അജിത് മുല്ലശ്ശേരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യുവാക്കളിലെയും കുട്ടികളിലെയും ഹൃദ്രോഗങ്ങൾ സംബന്ധിച്ച പാനൽ ചർച്ചകളും രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.