puthoor-(2)1

തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാന്‍ കേന്ദ്ര അനുമതി. അടുത്ത മാസം മൃഗങ്ങളെ മാറ്റിത്തുടങ്ങുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.

 തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷികളേയും മൃഗങ്ങളേയും മാറ്റാനാണ് കേന്ദ്ര അനുമതി. 479 പക്ഷി, മൃഗാദികളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് മാറ്റുന്നത്. കുരങ്ങന്‍മാരെയാണ് ആദ്യം മാറ്റുന്നത്. തിരുവനന്തപുരം നെയ്യാറില്‍ നിന്ന് ചീങ്കണ്ണികളെ കൊണ്ടുവരും. മാനുകളേയും പിന്നെ കൊണ്ടുവരും. തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് നാലു കാട്ടുപ്പോത്തുകളെ മാറ്റാന്‍ അനുമതി തേടിയിട്ടുണ്ട്. കേന്ദ്ര മൃഗശാല അതോറിറ്റി മൃഗങ്ങളെ മാറ്റാന്‍ നല്‍കിയ സാവകാശം ആറുമാസമാണ്. 

വിദേശത്തു നിന്ന് ജിറാഫ്, സീബ്ര, ആഫ്രിക്കന്‍ മാന്‍, അനാക്കോണ്ട എന്നിവയെ കൊണ്ടുവരുന്നതിനുള്ള താല്‍പര്യപത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഇതിന് നാലു സ്ഥാപനങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രണ്ടാം ഘട്ടം പൂര്‍ത്തിയായി. നിര്‍മാണം മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള ഉന്നതതല സമിതി യോഗം അടുത്തയാഴ്ച വനം വന്യജീവി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.