അരിക്കൊമ്പൻ പത്തിലേറെ തവണ തകർത്ത റേഷൻ കടയ്ക്ക് പുതിയ കെട്ടിടത്തിൽ ഉദ്ഘാടനം. ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലെ ആന്റണിയുടെ റേഷൻ കടയാണ് പുതുക്കി പണിതത്. ഒരു റേഷൻ കടയുടെ ഉദ്ഘാടനം ഇത്ര കണ്ട് വാർത്തയായിക്കാണില്ല ഇതിന് മുമ്പ്. പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയ്ക്ക് അതിനുള്ള യോഗ്യതയുണ്ട്. അരിക്കൊതിയനായിരുന്ന കൊമ്പൻ അരി തേടി സ്ഥിരം വന്നിരുന്നത് ആന്റണിയുടെ പഴയ റേഷൻ കടയിലായിരുന്നു. പല കുറി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും അരിക്കൊമ്പൻ പിന്നെയും പിന്നെയും പൊളിച്ചു കൊണ്ടേയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കട നിലംപരിശാക്കിയാണ് കൊമ്പൻ പിന്മാറിയിരുന്നത്. അന്ന് തൊട്ടുള്ള ആവശ്യമാണ് പുതിയ കട എന്നത്. ഒടുവിൽ അടച്ചുറപ്പുള്ള കട പന്നിയാറിന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് സമർപ്പിച്ചു
അരിക്കൊമ്പനെ നാട് കടത്തി ആറ് മാസം പിന്നിടുമ്പോഴാണ് റേഷൻ കടയുടെ ഉദ്ഘാടനം . മറ്റു ആനകൾ അരിക്കൊതിയന്മാരല്ലാത്തതിനാൽ ഇനി സ്വസ്ഥമായി റേഷൻ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് നാട്.
Inauguration of a new building for the ration shop that was destroyed by arikkomban
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ