ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതോടെ ദുരിതത്തിലായി ചിന്നക്കനാൽ മുട്ടുകാടിലെ കർഷകർ. പ്രതിരോധ മാർഗങ്ങൾ പലതും നോക്കിയിട്ടും ഒച്ചുകളെ നിയന്ത്രിക്കാനാകാതെ വന്നതോടെ മേഖലയിൽ കൃഷി നാശം രൂക്ഷമാണ്. പ്രശ്നത്തില്‍ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കാലാവസ്ഥയോടും വന്യജീവികളോടും എതിരിട്ട് കൃഷിയിറക്കുന്ന മുട്ടുകാടെ കർഷകർക്ക് വില്ലനാവുകയാണ് ആഫ്രിക്കൻ ഒച്ചുകൾ. മലയോര മേഖലയിൽ ഒച്ചുകൾ എങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല. വൻതോതിൽ പെറ്റുപെരുകിയ ഇവ ഏലം കൊക്കോ കാപ്പി തുടങ്ങിയ കൃഷികൾ തിന്ന് നശിപ്പിച്ചു. ഉപ്പ് ഉപയോഗിച്ച് ഇവയെ നശിപ്പിക്കാൻ സാധിക്കുമെങ്കിലും കൃഷിഭൂമിയിൽ ഉപ്പ് വിതറുന്നത് പ്രായോഗികമല്ല. രാജകുമാരി, ബൈസൺവാലി മേഖലയിലും സ്ഥിതി സമാനമാണ്. കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിടുന്ന സാഹചര്യത്തിൽ ഒച്ചുകളുടെ ശല്യവും വർധിച്ചതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.