വൈക്കത്തഷ്ടമി ഉൽസവത്തിടെ ഭക്തർക്ക് ഷോക്കേറ്റതിന്റെ കാരണം കണ്ടെത്താനാവാതെ ഉദ്യോഗസ്ഥർ. KSEB ഇലക്ട്രിക് ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലും ബാരിക്കേഡിൽ വൈദ്യുതി പ്രവാഹം ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താനായില്ല. 

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പ്രാതൽ വഴിപാട് കഴിക്കാൻ ക്ഷേത്ര പരിസരത്തെ ഊട്ടുപുരയ്ക്ക് സമീപം ക്യൂ നിന്നവർക്ക് ഷോക്കേറ്റത്. ബാരിക്കേഡിൽ പിടിച്ചുനിന്ന നിരവധി പേർക്ക് ഷോക്കേറ്റു. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ബാരിക്കേഡിന് സമീപത്തായി ഉണ്ടായിരുന്ന വൈദ്യുതി ലൈനുകളിൽ നിന്ന് ഷോക്കേറ്റതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം.

താൽക്കാലിക വൈദ്യുതി ലൈനുകൾ ഓഫായിരുന്നുവെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. ഈ സമയം ഊട്ടുപുരയിലെ സ്ഥിരം കണക്ഷനിൽ മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്.  ഭക്തർക്ക് ഷോക്കേറ്റെ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. ബാരിക്കേഡിൽ നിന്ന് മാത്രമല്ല സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിൽ ചാരി നിന്ന ഒരാൾക്ക് ഷോക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘം ഇവിടെയെല്ലാം അരിച്ചു പെറുക്കി പരിശോധന നടത്തിയിട്ടും കാരണം കണ്ടെത്താനായില്ല. അട്ടിമറിക്ക് സാധ്യത ഇല്ലെങ്കിലും CCTV ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും വൈക്കം ദേവസ്വം അധികൃതർ പറഞ്ഞു. 

Devotees suffer electric shock