rishabha-vahanam

TOPICS COVERED

ദർശന പുണ്യമായി വൈക്കം മഹാദേവക്ഷേത്രത്തിൽ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു. വൈക്കത്തഷ്ടമി ദിനങ്ങളിലെ  പ്രധാന ചടങ്ങുകളിലൊന്നാണ് ഏഴാം നാളിലെ ഋഷഭവാഹന എഴുന്നള്ളിപ്പ്. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. 

ഈറൻ തറ്റുടുത്ത് മുപ്പതിലധികം  മൂസത് മാരാണ് ഋഷഭവാഹനത്തിൽ ഭഗവൽ രൂപം എഴുന്നള്ളിച്ചത്. രാത്രി പതിനൊന്ന് മണിക്ക് ശേഷം  തുടങ്ങിയ ഋഷഭ വാഹന എഴുന്നള്ളിപ്പ് കൊടിമര ചുവട്ടിൽ നിന്നാരംഭിച്ച് തെക്കേ തിരുമുറ്റത്ത് എത്തിയതോടെ ഭക്തർക്ക് ദർശനമൊരുങ്ങി. കൂപ്പുകൈകളും ശിവസ്തുതികളുമായി കാത്ത് നിന്ന ഭക്ത സഹസ്രങ്ങൾക്ക് ദർശന സായൂജ്യത്തിന്‍റെ നിമിഷങ്ങൾ.

ആദ്യ പ്രദക്ഷിണം  തെക്കെ തിരുമുറ്റത്തെത്തിയപ്പോൾ ശിവസ്തുതികളുമായി ഭക്തർ നിറമിഴികളോടെ തൊഴുതു മടങ്ങി.അഞ്ച് തവണ ക്ഷേത്ര വലം വച്ചാണ് മൂന്ന് മണിക്കൂറുകൾ നീണ്ട എഴുന്നള്ളിപ്പിന് സമാപനമായത്.

നാലടിയിലധികം ഉയരമുള്ള വെള്ളി ഋഷഭ രൂപമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത്. ശനിയാഴ്ചയാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി.

ENGLISH SUMMARY:

Rishabha Vahana procession took place at Vaikom Mahadeva Temple