കായംകുളത്ത് കോടികണക്കിന് രൂപ ചിലവഴിച്ചു നഗരസഭ നിർമിച്ച സസ്യ മാർക്കറ്റ് കെട്ടിടം നാലുവർഷമായിട്ടും തുറന്നില്ല. താങ്ങാനാവാത്ത വിധത്തിൽ ഡിപ്പോസിറ്റ് വർധിപ്പിച്ചതിനാൽ വ്യാപാരികൾ കടമുറികൾ ഏറ്റെടുക്കാൻ തയാറായിട്ടില്ല. കെട്ടിടം തുറന്നു കൊടുക്കാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടാകുന്നത്.
കായംകുളത്തെ സസ്യ മാർക്കറ്റ് കെട്ടിടം നിർമ്മാണം പൂർത്തിയായിട്ട് നാലുവർഷമായി. പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ അവിടെയുണ്ടായിരുന്ന കച്ചവടക്കാരുടെ കടമുറികൾഅവർക്ക് തന്നെ നൽകാൻ കരാർ ഉണ്ടാക്കി. പിന്നീട് വന്ന നഗരസഭ ഭരണ സമിതി കെട്ടിട നിർമാണം പൂർത്തിയായതോടെ വ്യാപാരികളുമായുള്ള കരാർ അട്ടിമറിച്ചെന്നാണ് പരാതി. താങ്ങാൻ കഴിയാത്ത വിധം ഡെപ്പോസിറ്റ് തു വർധിപ്പിച്ചതോടെ വ്യാപാരികൾ കടകൾ ഏറ്റെടുത്തില്ല.
വ്യാപാരികളുമായോ സംഘടനകളുമായോ നഗരസഭ ചർച്ച നടത്താത്തത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിച്ചു.സസ്യ മാർക്കറ്റ് കെട്ടിട നിർമാണവുമായി യുഡിഎഫ് നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭയാർ വിജിലൻസ് പരിശോധന നടന്നിരുന്നു. കെട്ടിടം തുറന്നു കൊടുക്കാത്തതിനാൽ ലക്ഷങ്ങളാണ് നഗരസഭയ്ക്ക് വാടക ഇനത്തിൽ നഷ്ടമാകുന്നത്. അടിയന്തര കൗൺസിൽ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് യുഡിഎഫ് ആവശ്യം.