പ്രസിഡന്റ്സ് ട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗും വിജയിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ പള്ളാതുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ ആദരിച്ച് വ്യോമസേന. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ ആലപ്പുഴ പള്ളാതുരുത്തിയിലെത്തിയാണ് ക്ലബ് അംഗങ്ങൾക്ക് വ്യോമസേനയുടെ മെമന്റോ സമ്മാനിച്ചത്. പള്ളാതുരുത്തി ഇളങ്കാവ് ദേവസ്വം ശ്രീഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കായം നൽകി ക്ലബ് അംഗങ്ങൾ വ്യോമസേന വിങ് കമാൻഡർ അനീഷ് ടി ആറിനെ സ്വാഗതം ചെയ്തു. ഒളിംപിക്സിൽ മാറ്റുരയ്ക്കാൻ കഴിയുന്ന താരങ്ങളെ സംഭാവന ചെയ്യാൻ കഴിയുന്നതാണ് കേരളത്തിലെ വള്ളംകളികൾക്കുള്ള തയാറെടുപ്പെന്ന് വിങ് കമാൻഡർ അനീഷ് പറഞ്ഞു.
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ്, പ്രസിഡന്റ്സ് ട്രോഫി മത്സരങ്ങളുടെ അനുഭവമാണ് ചടങ്ങിന് പ്രേരകമായത്. സിബിഎൽ, പ്രസിഡന്റ്സ് ട്രോഫി മത്സരങ്ങൾക്ക് മുമ്പ് സതേൺ എയർകമാന്റ് കമാന്റിങ് ഇൻ ചീഫ് എയർമാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ പള്ളാതുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ നേരിട്ട് അഭിനന്ദിച്ചിരുന്നു. കൊല്ലം ലീല റാവിസ് ആണ് പളളാതുരുത്തിയിൽ ക്ലബ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
Indian Air force honors Pallathuruthy Boat Club