ഇടുക്കി പൈനാവില്‍ രണ്ടരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ജില്ലാ പൈതൃക മ്യൂസിയം നാശത്തിന്‍റെ വക്കില്‍. 2020 ല്‍ തുറന്നു കൊടുത്ത മ്യൂസിയത്തിലേക്ക് സന്ദര്‍ശകര്‍ എത്തുന്നില്ല. തൊട്ടടുത്തുള്ള പുരാരേഖ വകുപ്പിന്റെ മ്യൂസിയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പുരാവസ്തു വകുപ്പിന്റെ അലസത മൂലം പൈതൃക മ്യൂസിയം നശിക്കുന്നത്.
ചരിത്രാതീത ഗാലറി, കുടിയേറ്റ ഗാലറി, ആദിവാസി ഗാലറി തുടങ്ങി പത്തോളം ഗാലറികളുള്‍പ്പെടുത്തി മഹാശിലായുഗ കാലഘട്ടത്തിലെ ഇടുക്കിയുടെ ചരിത്രം അടയാളപ്പെടുത്തിയ മ്യൂസിയമാണ് ജില്ല പൈതൃക മ്യൂസിയം. ശീതികരണ സംവിധാനമടക്കമൊരുക്കി മ്യൂസിയം തുറന്നു കൊടുത്തത് നാല് വര്‍ഷം മുന്‍പാണ്. എന്നാലിപ്പോഴിവിടുത്തെ കാഴ്ചകള്‍ അങ്ങനെയല്ല. പ്രവേശന കാവാടത്തോടു ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറില്‍ ജീവനക്കാരില്ല. ഇനി ജീവനക്കാരുണ്ടെങ്കിലും ടിക്കറ്റ് നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. വൈദ്യുതിയില്ലാത്തതിനാല്‍ ആദ്യ ഗാലറിയിലെ കാഴ്ച കാണണമെങ്കില്‍ മൊബൈല്‍ വെളിച്ചത്തെ ആശ്രയിക്കണം. മറ്റുള്ള ഗാലറികളിലും അറ്റകുറ്റപ്പണികള്‍ നടത്തറായി.
ടൂറിസം വകുപ്പിന്റെ പദ്ധതി പ്രകാരമുള്ള നാല് ജീവനക്കാരും , രണ്ട് സ്ഥിരം ജീവനക്കാരും, രണ്ട് താല്‍ക്കാലിക ജീവനക്കാരുമാണ് ഇവിടെയുള്ളത്. രണ്ട് വര്‍ഷം മുന്‍പ് പുതിയ തസ്തിക സൃഷ്ടിച്ചെങ്കിലും ഇതുവരെ നിയമനങ്ങള്‍ നടത്തിയിട്ടില്ല. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പ്രശ്നം പൂര്‍ണമായി പരിഹരിക്കമെന്നാണ് അധികൃതരുടെ വിശദീകരണം.
Idukki Heritage museum needs renovation