Substation-Theft

കുസാറ്റിൽ ഉദ്ഘാടന സജ്ജമായ കെഎസ്ഇബി സബ്സ്റ്റേഷനിൽ വൻമോഷണം. എർത്തിങ്ങിനായും ബോണ്ടിങ്ങിനായും ഉപയോഗിച്ച ചെമ്പ് കമ്പികൾ കടത്തിക്കൊണ്ടുപോയി. കിറ്റ്കോയ്ക്ക് ആയിരുന്നു സബ്സ്റ്റേഷന്റെ നിർമ്മാണ ചുമതല. കുസാറ്റ് കാമ്പസിൽ സെൻ്റർ ഓഫ് എക്സലൻസി പദ്ധതിയുടെ കീഴിൽ പ്രികമ്മീഷനിങ് നടപടികൾ കഴിഞ്ഞ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനിലാണ് വൻ മോഷണം നടന്നത്. പവർ ട്രാൻസ്ഫോർമറിന്‍റെ ഷീത്ത് ബോണ്ടിങ് കോപ്പർ കേബിളുകളും, കുസാറ്റിലെ യാർഡിൽ ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന 700 മീറ്റർ കോപ്പർ കേബിളും, അനുബന്ധ  ഉപകരണങ്ങളുമാണ് കടത്തിയത്.

ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടെസ്റ്റിംഗും പരിശോധനയും കഴിഞ്ഞ് കമ്മീഷനിങിന് തയ്യാറായ സബ്സ്റ്റേഷനിൽ ആണ് മോഷണം നടന്നത്. ലക്ഷങ്ങളുടെ നഷ്ട്ടം ആണ് കണക്കാക്കുന്നത്. രാത്രിയിലാണ് സബ്സ്റ്റേഷനുള്ളിൽ കടന്ന് മോഷണം നടത്തിയത്. വിച്ഛേദിക്കപ്പെട്ട വയറുകൾ പുനസ്ഥാപിച്ച് സബ്സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കാൻ ഏറെ നാളെടുക്കും. മോഷണത്തിൽ  കെഎസ്ഇബിയും കിറ്റ്കോയും കളമശ്ശേരി പൊലീസിൽ പരാതി നൽകി.