ജലക്ഷാമം രൂക്ഷമായപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിനൊടുവിൽ കണ്ടെത്തിയത് അമൂല്യ ജല ശേഖരം. ഇടുക്കി തൂക്കുപാലം മാർക്കറ്റിനുള്ളിൽ പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടന്ന കിണറാണ് ജലക്ഷാമത്തെ തുടർന്ന് നാട്ടുകാർ ശുചീകരിച്ചത്. കടുത്ത വേനലിൽ നിരവധി പേർക്കാണ് കിണർ ആശ്വാസമാകുന്നത്.
തൂക്കുപാലം മാർക്കറ്റിൽ ഇങ്ങനെയൊരു കിണറുണ്ടെന്ന് അധികമാർക്കും അറിയില്ലായിരുന്നു. പ്രാദേശത്ത് ജലക്ഷാമം രൂക്ഷമായതോടെയാണ് കിണർ വൃത്തിയാക്കി മഴ വെള്ളം ശേഖരിക്കാൻ തീരുമാനിച്ചത്. നാട്ടുകാരും മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളും ഒരുമിച്ചു കിണർ വൃത്തിയാക്കിയതോടെ വെള്ളം വിലകൊടുത്ത് വാങ്ങിയിരുന്ന പ്രാദേശവാസികൾക്ക് ആശ്വാസം. കിണർ സംരക്ഷിച്ചു കുടിവെള്ള സ്രോതസാക്കി മാറ്റാൻ പദ്ധതി തയാറാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.