elephant-attack

നീണ്ട ഇടവേളയ്ക്ക് ശേഷം ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മേഖലയിൽ തമ്പടിച്ച ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ആനകളെ തുരത്താൻ വനം വകുപ്പ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കർഷകരുടെ ആരോപണം.

 

പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയായ വള്ളക്കടവിലും വഞ്ചിവയൽ സ്കൂളിന് സമീപവുമാണ് കാട്ടാനക്കൂട്ടം എത്തിയത്. വിവരമറിഞ്ഞെത്തിയ വനപാലകർ പടക്കം പൊട്ടിച്ചെങ്കിലും ആനകളെ തുരത്താനായില്ല. സ്കൂൾ പരിസരത്തുനിന്ന് വാഴ തോട്ടത്തിലിറങ്ങിയ ആനകൾ വ്യാപക നാശം വിതച്ചു.

ഓണത്തിന് വെട്ടാൻ പാകമായ വാഴക്കുലകൾ നശിച്ചതിൽ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. മേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.