ഭിന്നശേഷിക്കാരെ സൗജന്യമായി താമസിപ്പിച്ച് തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രമുണ്ട് തൃശൂര്‍ പഴുന്നാനയില്‍. അരുവിയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നാല്‍പതിലേറെ അന്തേവാസികള്‍ സൗജന്യമായി തൊഴില്‍ പരിശീലനം നടത്തുന്നു.
പതിനെട്ടു മുതല്‍ നാല്‍പതു വയസു വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഭിന്നശേഷിക്കാരെ എങ്ങനെ സമൂഹത്തിന് പ്രയോജനപ്പെടുത്താം. എങ്ങനെ, അവരുടെ ജീവിതത്തിന് നിറംനല്‍കാം. അരുവിയെന്ന പുനരധിവാസ കേന്ദ്രം സ്ഥാപിച്ചത് തൃശൂര്‍ അതിരൂപതയിലെ വൈദികനായ ഫാദര്‍ വര്‍ഗീസ് പാലത്തിങ്കലാണ്. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് എയിഡ്സ് രോഗികളെ പുനരധിവസിപ്പിക്കാന്‍ സധൈര്യം മുന്നോട്ടുവന്ന വൈദികന്‍.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരെ തൊഴിലിന് പ്രാപ്തരാക്കുകയാണ് ഈ വൈദികന്റെ ഇപ്പോഴത്തെ ഉദ്യമം. കുടുംബസ്വത്തായി കിട്ടിയ രണ്ടര ഏക്കര്‍ ഭൂമി വിറ്റാണ് പഴുന്നാനയില്‍ ഈ വിശാലമായ കേന്ദ്രം ആരംഭിച്ചത്. അന്തേവാസികള്‍ക്ക് താമസിക്കാനുള്ള വൃത്തിയായ അന്തരീക്ഷമാണ് പ്രത്യേകത. തൊഴില്‍ പരിശീലനം നേടികഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കൈ തൊഴിലുകളുമായി ഉപജീവനം ഉറപ്പിക്കാം.