വൈക്കത്ത് ചേരിക്കൽ ഈരക്കരപ്പറമ്പിലാണ് സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് കാലിൽ കടിയേറ്റത്. സൈക്കിളിൽ പോവുകയായിരുന്ന 63 കാരൻ പെരുമ്പള്ളി ചന്ദ്രശേഖരൻ നായരെ പിന്നാലെ എത്തിയാണ് തെരുവ് നായ് കടിച്ചത്. നായയെ തട്ടിത്തെറിപ്പിച്ച് സൈക്കിൾ മുന്നോട്ടു എടുത്തതിനാൽ ഗുരുതര പരുക്കില്ല.
ജോലിക്ക് പോവുകയായിരുന്നു വൈക്കം സ്വദേശി ഹരിക്കുട്ടന് നേരെയും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. പാഞ്ഞെത്തിയ നായ കാലിൽ കടിച്ച് തൂങ്ങുകയായിരുന്നു. സൈക്കിളിൽ നിന്ന് വീണ ഹരിക്കുട്ടന് സാരമായ പരുക്കേറ്റു. കടിയേറ്റവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി.
വൈക്കം നഗരസഭ പരിധിയിലും തോട്ടുവക്കത്തും ശല്യം രൂക്ഷമായിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. സിപിഎം പ്രവർത്തകർ നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചതിനെ തുടർന്ന് മുടങ്ങിയ എ.ബി.സി പ്രോഗ്രാം ഫെബ്രുവരി 10ന് മുമ്പ് തുടങ്ങുമെന്ന് നഗരസഭ ഉറപ്പ് നൽകി. കടിയേറ്റവർക്ക് അയ്യായിരം രൂപ വീതം നഗരസഭ നഷ്ടപരിഹാരം നൽകാനും തീരുമാനമായി.